ഇൻഡോർ: മധ്യപ്രദേശിൽ സ്റ്റുഡന്റ് വീസയിൽ ഇന്ത്യയിലെത്തിയ ആഫ്രിക്കൻ യുവതിയിൽ നിന്നും കൊക്കെയ്ൻ പിടികൂടി. മധ്യപ്രദേശ് പോലീസിന്റെ നാർക്കോട്ടിക് വിഭാഗം ഇൻഡോറിൽ നിന്നാണ് ലിൻഡ(25) എന്ന യുവതിയെ അറസ്റ്റ് ചെയ്തത്.
15 ലക്ഷം രൂപ വിലമതിക്കുന്ന 30ഗ്രാമിൽ അധികം കൊക്കെയ്നാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് മഹേഷ്ചന്ദ് ജെയിൻ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മുംബൈയിൽ നിന്നും ബസിലാണ് ഇവർ ഇൻഡോറിൽ എത്തിയത്. പശ്ചിമാഫ്രിക്കൻ രാജ്യമായ കോട്ട് ഡി ഐവറിയിലെ പൗരത്വമുള്ള ലിൻഡ ഈ വർഷം ആദ്യം സ്റ്റൂഡന്റ് വീസയിൽ ഇന്ത്യയിലെത്തുകയും മുംബൈയിലെ നളസോപാര പ്രദേശത്ത് താമസിച്ചു വരികയായിരുന്നുവെന്നും മഹേഷ്ചന്ദ് ജെയിൻ പറഞ്ഞു.
"ഒരാൾക്ക് കൊക്കെയ്ൻ കൈമാറാനാണ് ലിൻഡ മുംബൈയിൽ നിന്ന് ഇൻഡോറിലെത്തിയത്. മയക്കുമരുന്ന് കടത്തിനായി അവർ നേരത്തെയും ഇൻഡോർ സന്ദർശിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്'- അദ്ദേഹം വ്യക്തമാക്കി.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.