തിരുപ്പിറവിയെക്കുറിച്ച്, എളിയ കാലിത്തൊഴുത്തിൽ നക്ഷത്രങ്ങൾ നിറഞ്ഞ നിശബ്ദവും ശാന്തവുമായ രാത്രിയെയാണ് നാം പലപ്പോഴും സങ്കൽപ്പിക്കുന്നത്. എന്നാൽ മറിയത്തിനും ജോസഫിനും ആ രാത്രി അത്ര നിശബ്ദവും ശാന്തവും അല്ലായിരുന്നു.
നസ്രത്തിൽനിന്ന് ബെത്ലഹേമിലേക്കുള്ള അവരുടെ യാത്ര ദീർഘവും അസ്വാസ്ഥ്യജനകവും അനിശ്ചിതത്വം നിറഞ്ഞതുമായിരുന്നു അവർക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ ഓരോ കണികയെയും പരീക്ഷിച്ച കഠിനമായ യാത്ര. അതുപോലെ, ക്രിസ്തീയ ശിഷ്യത്വത്തിന്റെ പാത അപൂർവമായിപ്പോലും സുഗമമായ ഒന്നല്ല. നമ്മുടെ ക്ഷമയെ നീട്ടുന്നതും സ്ഥിരോത്സാഹം ആവശ്യപ്പെടുന്നതുമായ വെല്ലുവിളികളാൽ അത് അടയാളപ്പെടുത്തിയിരിക്കുന്നു.
ഇന്നത്തെ ലോകത്ത്, സഹിഷ്ണുത എന്നത് നിഷ്ക്രിയമായൊരു കാത്തിരിപ്പല്ല, മറിച്ച് “പീഡനത്തിലും ഉറച്ചുനിൽക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങൾ നേടും’’ (ലൂക്ക 21:19) എന്ന വാഗ്ദാനത്തിൽ സജീവവും പ്രത്യാശയുള്ളതുമായ മുറുകെപ്പിടിക്കലാണെന്ന് ആഗമനകാലം നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്മസ് കാലം സന്തോഷത്തിലേക്ക് മാത്രമുള്ള വിളിയല്ല. അതു നമ്മെ അസ്വാസ്ഥ്യങ്ങളിലേക്ക് ചാഞ്ഞുനിൽക്കാൻ ക്ഷണിക്കുന്നു. അതുവഴി നമ്മെ കൂടുതൽ ആഴമേറിയ ശിഷ്യന്മാരാക്കി മാറ്റുന്നു.
ജോസഫും മറിയവും അവരുടെ പാത ദുഷ്കരമായപ്പോൾപോലും നന്മയെ സ്വീകരിക്കുകയും, ഇരുണ്ട ആകാശങ്ങളിൽ പുൽത്തൊട്ടിയുടെ വെളിച്ചം ഏറ്റവും തിളക്കത്തോടെ പ്രകാശിക്കുന്നുവെന്ന് തിരിച്ചറിയുകയും ചെയ്തു. ഇന്നത്തെ കാലത്ത് പ്രക്ഷുബ്ധത നമ്മുടെ സന്തോഷത്തെ മുക്കിക്കളയുമെന്ന് നാം ഭയപ്പെടുന്നു, എന്നാൽ ആദ്യത്തെ ക്രിസ്മസിനെ ഇത്രയധികം അസ്വസ്ഥമാക്കിയ സാഹചര്യങ്ങളാണ് അതിന് ആഴമേറിയ അർഥം നൽകിയത്.
ജീവിതത്തിൽ ദുഷ്കരമായ നിമിഷങ്ങൾ വരുമ്പോൾ അതിനെ സ്വീകരിക്കാൻ നമുക്ക് വിമുഖത കാണിക്കാതിരിക്കാം. ഈ ആഗമനകാലത്ത് നാം വളർത്തിയെടുക്കുന്ന സഹിഷ്ണുത നമ്മുടെ അക്ഷമയെ ക്ഷമയായും നമ്മുടെ ആഗ്രഹങ്ങളെ നിലനിൽക്കുന്ന കൃതജ്ഞതയായും പരിണമിപ്പിക്കാം. എല്ലാ പരീക്ഷണങ്ങൾക്കിടയിലും ക്രിസ്മസ് നമ്മോട് മന്ത്രിക്കുന്നത് ഒരേയൊരു കാര്യമാണ്; നമ്മുടെ പാത കഠിനമായിരിക്കാം, എങ്കിലും ദൈവം നമ്മോടു കൂടെയുണ്ട്.