അഞ്ചല്‍ : അഞ്ചല്‍ വൈഎംസിഎ യുടെ നേതൃത്വത്തില്‍ അഞ്ചലിലെ വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷം സെന്റ് ജോണ്‍സ് സ്കൂളില്‍ നടന്നു.
ആഘോഷങ്ങള്‍ മാര്‍ത്തോമ്മാ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധ്യക്ഷന്‍ റവ.ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിലെ ദൈവീക അംശം നഷ്ടപ്പെട്ടുകഴിഞ്ഞാല് ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുകയാണ്. അതുകൊണ്ടാണ് ക്രിസ്മസിന് പ്രസക്തിയുള്ളത്. ദൈവം മനുഷ്യനായി അവതരിച്ചു എന്നുള്ളതാണ് ക്രിസ്മസിന്റെ ഏറ്റവും വലിയ പ്രസക്തി. ആ ദൈവീകഅംശം മനുഷ്യന് നിലനില്‍ക്കുന്നിടത്തോളം മനുഷ്യസമൂഹം നന്മയില് മുന്നേറുമെന്ന് ബിഷപ് പറഞ്ഞു. ചടങ്ങില്‍ വൈഎംസിഎ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷത വഹിച്ചു.
റവ. തോമസ് ടി. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, റവ. ഏബ്രഹാം തോമസ്, റവ. ബിബിന്‍ ബി. മാത്യു, വൈഎംസിഎ സെക്രട്ടറി അലക്സാണ്ടര്‍ മത്തായി, റിലീജിയസ് കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ.വി. തോമസ്കുട്ടി, പുനലൂര്‍ സബ് റീജണല്‍ ചെയര്മാന് ഡോ. ഏബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിച്ചു. അഞ്ചല്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി, അഞ്ചല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി, അഞ്ചല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാപള്ളി, ആലഞ്ചേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, അഞ്ചല്‍ കണ്ണംകോട് ജെറുസലേം മാര്‍ത്തോമ്മാപള്ളി, സെന്റ് ജോണ്‍സ് സ്കൂള്‍, സെന്റ് ജോസഫ്സ് നഴ്സിംഗ് കോളജ് എന്നീ ഗായക സംഘങ്ങള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.