NRI
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന നീക്കത്തിന് ഒരു പരിധിയുണ്ട്.ആ ഘട്ടത്തിലെത്തിയെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്കു ചർച്ച ചെയ്യാൻ സാധ്യമായ ഏതൊരു രാജ്യത്തെയുംപോലെയല്ല യെമന്റെ കാര്യം. ഇന്ത്യയ്ക്ക് ഈ രാജ്യത്ത് ഒരു എംബസിയില്ല.
നിമിഷപ്രിയയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായ്ക്കു പകരം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്പാകെ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്സിൽ’എന്ന സംഘടനയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലഡ് മണി സംബന്ധിച്ച കാര്യം ഇരയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും അവർ അത് അംഗീകരിച്ചാൽ മോചനം സാധ്യമാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തികസഹായം ഹർജിക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആർ. വെങ്കിട്ടരമണി അറിയിച്ചു.
വധശിക്ഷ താത്കാലികമായി നിർത്തിവയ്ക്കാൻ കഴിയുമോയെന്നു കണ്ടെത്താൻ സർക്കാർ ബന്ധപ്പെട്ട യമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തെഴുതിയതായും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു. നിലവിലെ പരിധിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും യുവതിക്കു ജീവൻ നഷ്ടപ്പെട്ടാൽ ദുഃഖകരമാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ വധശിക്ഷ നിർത്തിവയ്ക്കാൻ പറയുന്ന തരത്തിൽ ഒരു ഉത്തരവ് കോടതിക്കു പുറപ്പെടുവിക്കാൻ സാധിക്കില്ല.
അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ ആരാണത് അനുസരിക്കുകയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതമായ സാഹചര്യമാണെന്നു ബോധ്യമായ കോടതി പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
NRI
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
NRI
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.