ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യയിലെ പ്രമുഖ ഹിന്ദു സന്യാസിശ്രേഷ്ഠനായ ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നു.
സംസ്ഥാനത്തുനിന്നുള്ള മാംസ കയറ്റുമതി നിരോധിച്ച് യഥാർഥ ഹിന്ദുവാണെന്നു തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച ശങ്കരാചാര്യർ, ഇതിന് 40 ദിവസത്തെ സമയപരിധിയും നൽകി.
“കാവിവസ്ത്രം ധരിച്ചു പ്രസംഗിച്ചതുകൊണ്ടു മാത്രം ഒരാൾ ഹിന്ദുവാകില്ല. ഹിന്ദുമതത്തിലെ ആദ്യപടി ‘ഗോ സേവ’ (പശുക്കളെ സേവിക്കൽ) ‘ധർമ രക്ഷ’ (മത സംരക്ഷണം) എന്നിവയാണ്”-അവിമുക്തേശ്വരാനന്ദ് വാരാണസിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്ത്യയുടെ മൊത്തം ബീഫ് കയറ്റുമതിയിൽ 40 ശതമാനം യുപിയിൽനിന്നാണ്.
ഗോമാംസം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലൂടെ രാമരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? യുപിയിൽ ഗോമാംസ കയറ്റുമതി പൂർണമായും നിരോധിക്കണം.
പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണം. നിങ്ങൾക്ക് (ആദിത്യനാഥ്) അങ്ങനെ ചെയ്യാൻ 40 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വ്യാജ ഹിന്ദുവാണെന്ന് അനുമാനിക്കപ്പെടും’’ -ശങ്കരാചാര്യർ- പറഞ്ഞു. കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ‘പശുമാംസം’ അടങ്ങിയിട്ടുണ്ടെങ്കിലും അത് ‘പോത്തിറച്ചി’യുടെ കീഴിൽ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിഷയം ചർച്ച ചെയ്യാൻ മാർച്ചിൽ ലക്നോയിൽ സന്യാസിമാരുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ പരാജയപ്പെട്ടാൽ ആദിത്യനാഥിനെ ഒരു വ്യാജഹിന്ദുവായി പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽനിന്നു തന്നെയും അനുയായികളെയും പോലീസ് തടഞ്ഞുവെന്ന് ശങ്കരാചാര്യർ ആരോപിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ തിരക്കു കാരണം രഥയാത്ര തടയുക മാത്രമാണു ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതു തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ ആരോപിച്ചു.
ഇതിനുപിന്നാലെ, ശങ്കരാചാര്യരുടെ പേരു പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം രൂക്ഷമാക്കി. ഹനുമാനെ ചതിക്കാൻ സന്യാസിവേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്ക് വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യർ തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അല്ലാതെ മതത്തെക്കുറിച്ചല്ലെന്നും ശങ്കരാചാര്യർ വ്യക്തമാക്കി.
അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാർ സിംഗ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങൾ സഹിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് പ്രശാന്ത് കുമാർ സിംഗ് രാജിവച്ചത്.