മഞ്ചേരി: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കെ-ഡിസ്ക്, സമഗ്രശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) ശാസ്ത്രപഥത്തില്‍ മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ജില്ലാതല ജേതാക്കളായി.
ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കെ. നസല്‍ നസീം, ഹനാന് മുഹമ്മദ് ആലങ്ങാടന്‍, വി.പി. മുഹമ്മദ് അംജദ് എന്നിവരാണ് നേട്ടത്തിന് അര്‍ഹരായത്. കണ്ണുകാണാത്തവര്‍ക്ക് വായിക്കാനുതകുന്ന തരത്തില്‍ ഏത് ടെക്സ്റ്റിനേയും ബ്രയില്‍ ലിപിയിലേക്ക് മാറ്റുന്നതിനുള്ള ഉപകരണത്തിന്റെ മോഡലാണ് കുട്ടികള്‍ വികസിപ്പിച്ചത്.
വിജയികള്‍ക്ക് 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സ്കൂളിലെ വൈഐപി ക്ലബ് കോഓര്‍ഡിനേറ്ററും കംപ്യൂട്ടര്‍ സയന്‍സ് അധ്യാപികയുമായ ജി. അപര്‍ണയാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയത്. പ്രിന്‍സിപ്പല്‍ എ. അഷ്റഫ്, പിടിഎ പ്രസിഡന്റ് ഷാജഹാന്, എസ്എംസി ചെയര്മാന് സൈഫുദ്ദീന്, സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുൾഹക്കീം, അധ്യാപകരായ ജ്യോതി, ഫൈസല്‍, കെ. ജിതേഷ്, ബിന്ദു ഷീന, അബ്ദുൾ ഷൂക്കൂര്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.