മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് ഹിറ്റ് മേക്കർ ഗൗതം വസുദേവ് മേനോനും ആദ്യമായി ഒന്നിച്ച, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്- മിസ്റ്ററി ത്രില്ലർ ഒടിടിയിലേക്ക്. ഡൊമിനിക് ആണ് 2025ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രം.
പ്രദർശനത്തിനെത്തുന്നതിനുമുന്പ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ചിത്രം. ഹിറ്റ് ഡയറക്ടർ ഗൗതം വസുദേവ് മേനോന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമെന്നതും പ്രേക്ഷകർക്ക് ആഘോഷമായി. എന്നാൽ, ജനുവരി 23ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഡിറ്റക്ടീവ് ശൈലിയിലുള്ള ആഖ്യാനവും മമ്മൂട്ടിയുടെ അസാമാന്യപ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിച്ചു.
അതേസമയം, ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ കാത്തിരുന്ന മമ്മൂട്ടിച്ചിത്രവുമാണ് ഡൊമിനിക്. ഇപ്പോൾ കാത്തിരിപ്പിനെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രം സീ5-ൽ പ്രദർശനം ആരംഭിച്ചു. മമ്മൂട്ടിയും ഗൗതം വസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മികച്ച കഥാസന്ദർഭം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പോലീസിൽനിന്നു വിരമിച്ച ശേഷം പ്രൈവറ്റ് ഡിറ്റക്ടീവ് ആയി പ്രവർത്തിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വിജി വെങ്കിടേഷ്, സുദേവ് ബാബു, ലെന, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
കെ.ജി. ജോർജിന്റെ വിഖ്യാത സിനിമ യവനിക തുടങ്ങി സിബിഐ ഡയറിക്കുറിപ്പുകളുടെ വിവിധ ഭാഗങ്ങൾ ഉൾപ്പെടെ മമ്മൂട്ടിയുടെ നിരവധി കുറ്റാന്വേഷണചിത്രങ്ങൾ മലയാളി കണ്ടിട്ടുണ്ട്. എന്നാൽ, പതിവിലും വ്യത്യസ്തമായ കഥാപാത്രമാണ് ഡൊമിനിക്. ഒരു പഴ്സിന്റെ ഉടമയെ തേടിയുള്ള അന്വേഷണവും തുടർന്ന്, വലിയ തിരോധാനസംഭവങ്ങളിലേക്ക് എത്തിച്ചേരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.