കൊല്ലം: മത്സ്യ ബന്ധനത്തിന് കടലിൽപോയ തൊഴിലാളികൾ കരയിലേക്ക് മടങ്ങിയത് കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദിയുമായി. കൊല്ലം ജോനകപുറം സ്വദേശി അശോക് കുമാറിന്റെയും സംഘത്തിന്റെയും വലയിലാണ് ഇവ കുടുങ്ങിയത്. ‘അമ്മ അപ്പാ’ ഫൈബർ ബോട്ടിൽ വാടി കടപ്പുറത്ത് നിന്നുമാണ് ഇവർ കടലിൽ പോയത്.
മത്സ്യ ബന്ധനത്തിനായി കടലിൽ പോയ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വലയിൽ ലഭിച്ചത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി. ‘അമ്മ അപ്പാ, ഫൈബർ ബോട്ടിൽ വാടി കടപ്പുറത്ത് നിന്നും കടലിൽ പോയ കൊല്ലം ജോനകപുറം സ്വദേശി അശോക് കുമാറിന്റെയും സംഘത്തിന്റെയും വലയിലാണ് "ഒഴുകുന്ന പൊന്ന് " കയറി പറ്റിയത്. കടലിൽ നിന്നും
ഏകദേശം 29 കിലോമീറ്റർ ദൂരെ നിന്നാണ് രണ്ടു ഭാഗത്തായി കിടന്ന വസ്തു മത്സ്യത്തൊഴിലാളികൾ വലയിലാക്കി ബോട്ടിൽ ശേഖരിച്ചത്. ആദ്യം ഇവ എന്താണെന്ന് മനസിലാകാതിരുന്ന തൊഴിലാളികൾ കരയിലെത്തിച്ച് പരിശോധന നടത്തിയാണ് തിമിംഗല ചർദ്ദിയാണെന്ന് ഉറപ്പിച്ചത്. തുടർന്ന് വനംവകുപ്പിന് കൈമാറുകയും ചെയ്തു.
വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിലേക്ക് സാമ്പിളുകൾ അയക്കും. തുടർന്നാകും തിമിംഗല ചർദ്ദിതന്നെയെന്ന് പൂർണമായും ഉറപ്പിക്കുക. 5.160 കിലോ ചർദ്ദിയാണ് ലഭിച്ചത്. ആമ്പർ ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി മരുന്നിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും നിർമാണത്തിനും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. ഇത് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്.