Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ തന്റെ മുൻകൂര് ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി രാഹുൽ മാങ്കൂട്ടത്തിൽ. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നല്കിയത്.
അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.
ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.
അതേസമയം, ആറാംദിനവും ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. തിങ്കളാഴ്ച തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന യുവനടിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
കാറിന്റെ ഉടമസ്ഥ യുവനടിയാണെങ്കിലും രാഹുലിനെ കടത്തിയത് ഒരു കോൺഗ്രസ് നേതാവാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ച് നിരവധി തവണ പരിശോധന നടത്തി.
കണ്ണാടിയിൽ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും രാഹുലിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് നശിപ്പിച്ച നിലയിലാണ്. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം.