കോലാലംപുർ: മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയുമായുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ മലേഷ്യൻ സന്ദർശനത്തിനായെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു. മലേഷ്യയിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു.
മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപും നൽകും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഓഫീസിലാകും വരവേൽപ് നൽകുക. ഞായറാഴ്ച മല്യേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടികാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ പ്രധാനമന്ത്രി നടത്തും. വ്യാപാര-സുരക്ഷ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇന്ത്യയും മലേഷ്യയും ഒപ്പുവയ്ക്കും.