Kerala
കൊച്ചി: പ്രതികളുടെ മൗലികവകാശങ്ങള് ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ.എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്റെ അഭിഭാഷകനാണ് ടി.ആര്.എസ് കുമാര്‍.
രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് അഭിഭാഷകന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
""നടി അക്രമിക്കപ്പെട്ട കേസില്‍ നാലാം പ്രതിക്കു വേണ്ടി കേസ് നടത്തുകയും പ്രതികളെയും നിയമത്തിന്റെയും സാക്ഷിമൊഴികളുടെയും മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തെയും മുന്‍നിർത്തി വെറുതേ വിടണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ട ഒരു അഭിഭാഷകനാണ്. പ്രതികളെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതും വിധി വന്നതിനു ശേഷവും ജുഡീഷ്യറിയെ അപമാനിക്കുന്നതും ഉചിതമായ നടപടിയല്ല.
അപ്പീൽ നൽകും
അതിജീവിതയ്ക്കും സര്‍ക്കാരിനും വിധി ന്യായത്തില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ ക്രിമിനല്‍ നടപടിക്രമം പാലിച്ച് അപ്പീല്‍ നൽകാൻ തടസങ്ങള്‍ ഇല്ല. ഞാനും ഈ വിധിയുടെ പിശകുകള്‍ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുന്നുണ്ട്. ഈ കേസിലെ മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ട ഒരു അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ബലാത്സംഘം അല്ല എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
പ്രതികള്‍ കൂട്ടബലാത്സംഘം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതു ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇനി ഇതു സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചയ്ക്കാണെങ്കില്‍ പൊതുസമൂഹത്തോടു നാലാം പ്രതിക്കു വേണ്ടി സംസാരിക്കാന്‍ തയാറാണ്' - അഭിഭാഷകൻ പറഞ്ഞു.
അതേസമയം, അഞ്ചും ആറും പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തു ജാമ്യത്തില്‍ വിടണമെന്നാണ് ആവശ്യം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുറ്റവിമുക്തരാക്കണമെന്നു ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളായ വടിവാൾ സലീം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.
അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിച്ചു തീർപ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്നും ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്കു ഗൂഢാലോചനയിൽ പങ്കില്ല. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയിലോ കുറ്റകൃത്യത്തിലോ തങ്ങൾക്കു പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. പ്രോസിക്യൂഷന്റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിൽ പറയുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കഴിഞ്ഞ ദിവസം കോടതി 20 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചത്. ആറ് പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാനവിധിയല്ലെന്നും സര്‍ക്കാര്‍ അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ.
ആളുകളെ വൈറ്റ് വാഷ് ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അതിജീവിതയ്ക്കെതിരായ സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണ്.
സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.
എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.
കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ഇന്ന് അപ്പീൽ നൽകും.
തിരുവനന്തപുരം ജില്ലാ കോടതിയിൽ ആണ് അപ്പീൽ നൽകുന്നത്. തിരുവനന്തപുരം എസിജെഎം കോടതി തിങ്കളാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
സൈബർ അധിക്ഷേപ കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.