കാക്കനാട്: കൈകൂലി വാങ്ങവേ, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടർ ടി. ദീപേഷിനെ വിജിലന്‍സ് കൈയോടെ പിടികൂടി. പഞ്ചായത്ത് പരിധിക്കുള്ളില്‍ സ്വകാര്യവ്യക്തി നിര്‍മിച്ച 55,000 ചതുരശ്രയടി ഗോഡൗണിന് നമ്പര്‍ കിട്ടാനായി ദീപേഷ് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
തുക രൊക്കം പണമായി കിട്ടണമെന്നും പണം കിട്ടിയാല്‍ മാത്രമേ ബില്‍ഡിംഗ് നമ്പര്‍ നല്‍കുകയുള്ളൂ എന്നും ഇയാള്‍ ഉടമയെ അറിയിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ 15 ലക്ഷം രൂപ നല്കിയാല് കെട്ടിട നമ്പര്‍ നല്‍കാമെന്നും പണവുമായി കാക്കനാട് എത്താനും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് അഞ്ചു ലക്ഷം രൂപയുടെ കറന്‍സിയും ദീപേഷിന്റെ പേരില്‍ 10 ലക്ഷം രൂപയുടെ ചെക്കും നല്‍കുകയായിരുന്നു.
സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപം കാറില്‍ വച്ച് തുക കൈമാറുമ്പോഴാണ് ദീപേഷിനെ വിജിലന്‍സ് പിടികൂടിയത്.
15 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗോഡൗണിന് 20 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥന് കൈകൂലിയായി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസര്‍ഗോഡ് സ്വദേശിയായ ഇയാള്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഒരു മാസം മുമ്പാണ് ചുമതലയേറ്റത്. കാക്കനാട് തെങ്ങോടിനു സമീപമുള്ള ഇയാളുടെ വീട്ടില്‍ രാത്രി വൈകിയും വിജിലന്‍സ് സംഘം പരിശോധന നടത്തിവരികയാണ്.