National
ചെന്നൈ: ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശം കണ്ടെത്തിയതിന് പിന്നാലെ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപിന്റെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഈതലീന്‍ ഗ്ലൈക്കോള്‍ പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നതാണ് ഈതലീന്‍ ഗ്ലൈക്കോള്‍. ബിഹാറിൽ നിന്നായിരുന്നു കഫ് സിറപ് നിർമിച്ച് വിപണിയിലെത്തിച്ചിരുന്നത്. തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ആണ് വിഷാംശം കണ്ടെത്തിയത്.
മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആല്‍മണ്ട് കിറ്റ് സിറപിന്റെ വില്പന ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Sports
ധാക്ക: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
മുസ്താഫിസുർ റഹ്മാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു ബിസിസിഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇതു ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.