തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് (ബിടിസി) മികച്ച നേട്ടം. 2023-24 സാമ്പത്തികവർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു.
നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തനലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി രണ്ടു മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ 2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
തീർഥാടന ടൂറിസം പാക്കേജുകളിൽ പുതുതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്.