കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ശബരി റെയില്‍ പദ്ധതിയുടെ അവസാന സാധ്യതാ ബജറ്റാണ്. കഴിഞ്ഞ മൂന്നു ബജറ്റുകളിലും 100 കോടി രൂപ വകയിരുത്തിയെങ്കിലും ഒരു കോടി രൂപ പോലും പദ്ധതിയിലേക്ക് ചെലവഴിച്ചില്ല. സ്ഥലം ഏറ്റെടുത്തു നല്കുന്ന ആ നിമിഷം നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുപറഞ്ഞിട്ട് മാസങ്ങളായി.
നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കുറഞ്ഞത് ആയിരം കോടി രൂപ വകയിരുത്തിയാല്‍ സ്ഥലം ഏറ്റെടുക്കലിനുള്ള തുകയായി. പതിവുപോലെ 100 കോടി പ്രഖ്യാപനം ആവര്‍ത്തിച്ചാല്‍ ശബരി പദ്ധതി എരുമേലി വിമാനത്താവളം പദ്ധതിപോലെ പിണറായി സര്‍ക്കാരിന്റെ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും മറ്റൊരു ഫയല്‍ ചിത്രമായി ചുവപ്പുനാടയില്‍ കുരുങ്ങും.
നിലവില്‍ അങ്കമാലി-എരുമേലി 111 കി.മീ. റെയില്‍ പദ്ധതിയുടെ ആകെ ചെലവ് 3802 കോടിയാണ്. ഇതില്‍ 1900 കോടി രൂപ കേരളം വഹിക്കേണ്ടിവരും. തുക അനുവദിക്കുക മാത്രമല്ല ഭൂമി ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യൂണിറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ രൂപീകരിക്കണം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നിര്‍ത്തലാക്കിയ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ പുനരാരംഭിക്കണം.
ശബരി പാതയ്ക്കുവേണ്ടി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 416 ഹെക്ടറോളം സ്ഥലം വേണ്ടിവരും. എറണാകുളം ജില്ലയില്‍ 152 ഹെക്ടറാണു വേണ്ടത്. ഇതില്‍ അങ്കമാലി മുതല്‍ കാലടി വരെ എട്ടു കി.മീ. നീളത്തില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തിരുന്നു. എട്ട് കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റര്‍ പാത നിര്‍മാണവും കാലടി സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായി.
കാലടി മുതല്‍ കരിങ്കുന്നം വരെ സ്ഥലം ഏറ്റെടുക്കാന്‍ 513 കോടി രൂപ ആവശ്യമാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 കിലോമീറ്റര്‍ പ്രദേശം ഏറ്റെടുക്കാന്‍ 410 കോടി ചെലവാകും. ഇടുക്കി, കോട്ടയം ജില്ലകളില്‍ രാമപുരം സ്റ്റേഷന് വരെ 14 കിലോമീറ്റര്‍ ദൂരത്തെ സ്ഥലം ഏറ്റെടുക്കാന്‍ സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല.
1997-98 റെയില്‍വേ ബജറ്റിലാണ് അങ്കമാലി ശബരിമല പദ്ധതിക്ക് അനുമതി ലഭിച്ചത്. അങ്കമാലി- കാലടി (7 കി.മീ) ദൈര്‍ഘ്യമുള്ള ജോലികളും കാലടി-പെരുമ്പാവൂര്‍ (10 കി.മീ) ലീഡ് ജോലികളും പൂര്‍ത്തിയായി.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍, റെയില്‍വേ മന്ത്രാലയം, ആര്‍ബിഐ എന്നിവ തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തോട് ആവശ്യപ്പെട്ടെങ്കിലും ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു.