ആംസ്റ്റർഡാം: പുതുവത്സര രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിലെ പുരാതന പള്ളി കത്തിനശിച്ചു.
നഗരത്തിൽ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായ വൊണ്ടെൽകെർക്കിലെ 150 വർഷം പഴക്കമുള്ള പള്ളിയാണു കത്തിനശിച്ചത്.
നിയോ ഗോഥിക് ശൈലിയിലുള്ള ഈ പള്ളിയുടെ നിർമാണം 1872ലാണ് പൂർത്തിയായത്. നെതർലാൻഡ്സിലെ പ്രമുഖ വാസ്തുശില്പിയായ പിയറി കുയ്പേഴ്സാണ് പള്ളി രൂപകല്പന ചെയ്തത്.
പ്രാദേശികസമയം ബുധനാഴ്ച അർധരാത്രി 12.45നാണു തീപിടിത്തമുണ്ടായത്. തുടർന്ന് അടുത്തുള്ള താമസക്കാരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചിരുന്നു.
മേൽക്കൂരയിൽ കാണപ്പെട്ട തീ പള്ളിയെ അപ്പാടെ വിഴുങ്ങുകയായിരുന്നു. പുതുവർഷാഘോഷത്തിനിടെയുണ്ടായ വെടിക്കെട്ടിൽനിന്നുള്ള തീ വീണതാണ് അപകടകാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അഗ്നിരക്ഷാവൃത്തങ്ങൾ അറിയിച്ചു.
1970 വരെ വിശുദ്ധ കുർബാന നടത്തിയിരുന്ന പള്ളി കാലപ്പഴക്കത്തെത്തുടർന്ന് പിന്നീട് നവീകരിച്ച് സാംസ്കാരികപരിപാടികൾ നടത്തിവരികയായിരുന്നു. അതേസമയം, കത്തിനശിച്ച പള്ളി പാരീസിലെ നോത്ര്ദാം പള്ളിയുടെ മാതൃകയിൽ പുനർനിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.