ബോസ്റ്റൺ: യുഎസിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിനാളുകൾ അവധിക്കാല യാത്രകൾക്കായി വ്യോമ ഗതാഗതത്തെ ആശ്രയിക്കുന്ന സമയത്താണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
‘ഫ്ലൈറ്റ് അവെയറി’ന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,500 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യുഎസിലെ വടക്കുകിഴക്കൻ, ഗ്രേറ്റ് ലേക്സ് മേഖലകളിലാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ചില വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.
പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് വിമാനത്താവളങ്ങൾ വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. കൊടുങ്കാറ്റിനു മുന്നോടിയായി ന്യൂയോർക്ക് സ്റ്റേറ്റിന്റെ പകുതിയിലേറെ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ന്യൂജഴ്സിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.