പരവൂർ: വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ചാർട്ടേഡ് ട്രെയിൻ അനുവദിച്ച് റെയിൽവേ. കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽ 22ന് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നവ സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് - 2025 ൽ പങ്കെടുക്കുന്നവർക്ക് ആയി തിരുവനന്തപുരത്തുനിന്നും കാസർഗോഡേക്കും തിരിച്ചുമാണ് ചാർട്ടേഡ് ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടിക്കായി ചാർട്ടേഡ് ട്രെയിൻ അനുവദിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ 22ന് പുലർച്ചെ നാലിന് കാസർഗോഡ് എത്തിച്ചേരും. അന്നേദിവസം രാത്രി 11 30ന് ട്രെയിൻ തിരുവനന്തപുരത്തേക്കും തിരിക്കും. 23ന് ഉച്ചകഴിഞ്ഞ് 2 30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടുകൂടി ട്രെയിൻ യാത്ര അവസാനിക്കും.
ട്രെയിന് കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. ഒരു എസി കോച്ചും 17 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടെ 18 ബോഗികളുള്ള ട്രെയിനിന്റെ ഓരോ ബോഗികളും പ്രത്യേക തീമിന്റെ ഭാഗമായിരിക്കും പ്രസ്തുത തീമിനനുസരിച്ചുള്ള പാനൽ ഡിസ്കഷനുകളും എക്സ്പെർട്ട് ടോക്കുകളും കലാപരിപാടികൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ട്രെയിനിൽ സംഘടിപ്പിക്കും.
ഐഇഡി സി സമ്മിറ്റ് - 2025 നായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും ഉള്ള ഒരു വലിയ ഇടം കൂടിയാണ് ഇത്തരം ഒരു ചാർട്ടേഡ് ട്രെയിൻ വരുന്നതോടെ സാധ്യമാകുന്നത്.
സമ്മിറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഇത്തരമൊരു ട്രെയിൻ സ്പോൺസർ ചെയ്തിരിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്. സമ്മിറ്റിന്റെ ടിക്കറ്റുകൾക്കായി www.iedcsummit.in എന്ന വെബ്സെറ്റ് സന്ദർശിക്കുക.