കോഴിക്കോട്: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സാമ്പിളുകളുടെ രാസപരിശോധനാ ഫലം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഫൊറന്‍സിക് ലബോറട്ടറികളുടെ പ്രവര്‍ത്തനരീതിയും പരിശോധനാക്രമവും ആഭ്യന്തര വകുപ്പ് പുനഃക്രമീകരിച്ചു.
കേസുകള്‍ കൂടുതല്‍ കെട്ടിക്കിടക്കുന്ന ലാബുകളില്‍ പരിശോധിക്കേണ്ട സാംപിളുകള്‍ മറ്റു ലാബുകളില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയാണ് ക്രമീകരണം. ഇതുപ്രകാരം തൃശൂര്‍ റേഞ്ചില്‍നിന്നുള്ള എന്‍ഡിപിഎസ് കേസുകള്‍ (കഞ്ചാവ് സാമ്പിളുകള്‍ ഒഴികെ) ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ കെമിസ്ട്രി വിഭാഗത്തിലാണു പരിശോധിക്കുക.
തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ എന്‍ഡിപിഎസ് കേസുകള്‍ പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നത് ജീവനക്കാരുടെ കുറവു കാരണമാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
നിലവില്‍ എല്ലാ ജില്ലാ ഫൊറന്‍സിക് ലാബുകളിലെയും കെമിസ്ട്രി വിഭാഗങ്ങളില്‍ എന്‍ഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട കഞ്ചാവ്, നിക്കോട്ടിന് തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ മാത്രമേ പരിശോധിക്കാന്‍ അനുമതിയുള്ളൂ. ഫൊറന്‍സിക് ശേഷി ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ, മലപ്പുറം ജില്ലാ ലാബുകളില്‍ പുതുതായി ഫോറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എഫ്ടിഐആര്‍) ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ലാബുകളില്‍ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള എല്ലാത്തരം മയക്കുമരുന്നുകളും പരിശോധിക്കാനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ പരിഹരിക്കാന്‍ പുതിയ നടപടി സഹായകരമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ശരീരസ്രവങ്ങള്‍, വിരലടയാളം, ഡിഎന്‍എ, വിഷവസ്തുക്കള്‍, വെടിമരുന്ന് തുടങ്ങിയവ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഫൊറന്‍സിക് ലാബുകള്‍ നല്കുന്ന ആധികാരിക റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുക.
സാമ്പിളുകളുടെ രാസപരിശോധനാ ഫലം വൈകുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ലൈംഗിക അതിക്രമം അടക്കമുള്ള കേസുകളില്‍ പോലീസിനു യഥാസമയം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് ഇരകള്‍ക്കു നീതി വൈകുന്ന ഗുരുതര സാഹചര്യമാണു സൃഷ്ടിക്കുന്നത്.