Kerala
ആലപ്പുഴ: എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്. 2012 ജൂലൈ 16ന് ആയിരുന്നു കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് നേരെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ആദ്യവർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിശാലിന് നേരെ ആക്രമണമുണ്ടായത്.ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് പ്രതികൾ.
13 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്.
കേസിലെ 20 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.
District News
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്കു മുമ്പ് ശബരിമല തീർഥാടകർക്കായി ചെയ്യേണ്ട സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ നഗരസഭ പൂർത്തീകരിച്ചതായി ചെയർപേഴ്സൺ ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ അറിയിച്ചു. രണ്ടു മാസങ്ങൾക്ക് മുൻപ് നഗരസഭ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ വിളിച്ചു അവലോകന യോഗം ചേർന്ന് തുടർനടപടികൾ ആരംഭിച്ചിരുന്നു.
ശബരിമല തീർഥാടകർ കടന്നുപോകുന്ന പാതകളെല്ലാം ശുചീകരിച്ചു. തീർഥാടകർക്ക് വിരി വയ്ക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളുടെയും ശുചിമുറി സൗകര്യങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയുടെ ഇൻഫർമേഷൻ സെന്ററിന്റെയും ജില്ലാ ആശുപത്രിയുടെയും നഗരസഭ ആയുർവേദ ആശുപത്രിയുടെയും മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും നിർമാണവും വൈകാതെ പൂർത്തീകരിക്കും.
ശബരിമല സീസണിലേക്ക് താത്കാലികമായി 33 പേരെ നിയമിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപായി ഇതുസംബന്ധിച്ച കൗൺസിൽ തീരുമാനങ്ങൾ എടുക്കുകയും ടെൻഡർ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കുകയും ചെയ്തു. തീർഥാടന കാലത്തേക്ക് ആവശ്യമായ ശുചീകരണ സാധനങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തീകരിച്ചു. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്.
ശബരിമല തീർഥാടകരുടെ പ്രധാന പാതയായ മാവേലിക്കര-ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് പ്രതിഷേധാർഹമാണ്. നഗരസഭാ ഓഫീസിന്റെ മുൻവശത്തെ ഓടകളുടെ നവീകരണവും റോഡിന്റെ അറ്റകുറ്റപ്പണികളും നടത്തേണ്ടത് പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗമാണ്. ഏഴു വർഷത്തേക്ക് റോഡിന്റെ പരിപാലന ചുമതലയുള്ള കരാറുകാർ കോട്ടയത്ത് മറ്റൊരു റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൻമേൽ മാവേലിക്കര-ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിന്റെയും ഓടകളുടെയും നവീകരണവും അറ്റകുറ്റപ്പണികളും നടത്താതിരിക്കുന്നത് സംബന്ധിച്ച് മന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിൽ പരാതി ഉന്നയിച്ചിരുന്നതാണ്.
ബദൽ സംവിധാനം ഏർപ്പെടുത്തി പരാതി പരിഹരിക്കും എന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. കഴിഞ്ഞവർഷത്തെ ശബരിമല തീർഥാടന കാലത്തേക്കുള്ള ഫണ്ട് സർക്കാർ നാളിതുവരെ നഗരസഭയ്ക്ക് നൽകിയിട്ടില്ല. എല്ലാവർഷവും 25 ലക്ഷം രൂപ വീതം തന്നിരുന്ന സർക്കാർ അത് 20 ലക്ഷമാക്കി വെട്ടിക്കുറച്ചു.
നഗരസഭയ്ക്ക് തീർഥാടന കാലത്ത് 30 ലക്ഷത്തിലധികം രൂപ ചെലവ് വരുന്നതാണ്. ഇത് മുന്നിൽക്കണ്ട് ശബരിമല തീർഥാടനത്തിന് അഞ്ചുലക്ഷം രൂപ ബജറ്റിലും പ്ലാൻ ഫണ്ടിലും ഉൾപ്പെടുത്തി ജില്ലാ പ്ലാനിംഗ് ബോർഡിന്റെ അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ചെയർപേഴ്സൺ ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ അറിയിച്ചു.