കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പാലാ സബ് കോടതി തള്ളിയ സാഹചര്യത്തില്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ തുടങ്ങി. നിലവില്‍ തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശത്തിലാണ് എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ 2,263 ഏക്കറില്‍ വിസ്തൃതമായ ചെറുവള്ളി എസ്റ്റേറ്റ്.
പാട്ടക്കാലാവധി അവസാനിച്ച വസ്തുവാണെന്നും ഉടമസ്ഥത അവകാശപ്പെടുന്ന രേഖകള്‍ സാധുവല്ലെന്നും വ്യക്തമാക്കുന്ന നോട്ട്സ് സ്പെഷല്‍ പ്ലീഡര്‍ അഡ്വ. സജി കൊടുവത്ത് തയാറാക്കുകയാണ്.
മുന്‍കാല സിവില്‍ വ്യവഹാരങ്ങളില്‍ കോടതിയില്‍ ബോധിപ്പിക്കാതിരുന്നതും കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നതുമായ പ്രമാണങ്ങളും തെളിവുകളും ഉള്‍പ്പെടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.അറുപത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കും.