കോഴിക്കോട്: എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. സുബ്രഹ്മണ്യനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.
ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണത്തിലാണ് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വൈദ്യപരിശോധനയ്ക്കിടെ രക്തസമ്മർദത്തിൽ നേരിയ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.