ബ്രസീലിയ: ബ്രസീലിലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ തീപിടിത്തം. ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന ആയിരക്കണക്കിനു പ്രതിനിധികളെ അടിയന്തരമായി ഒഴിപ്പിച്ചു മാറ്റേണ്ടിവന്നു.
ആമസോൺ വനത്തിനു സമീപം ബെലം നഗരത്തിൽ ഉച്ചകോടി വേദിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് പ്രതിനിധികൾ ചർച്ച ആരംഭിക്കവേ വേദിക്കടുത്തുള്ള എക്സിബിഷൻ പവലിയനിലുണ്ടായ തീപിടിത്തം മറ്റു മേഖലകളിലേക്കും പടരാൻ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ പ്രതിനിധികളെ പുറത്തിറക്കി.
പുക ശ്വസിച്ച് അവശനിലയിലായ 13 പേർക്കു ചികിത്സ നല്കി.ആറു മിനിട്ടിനുള്ളിൽ തീ അണയ്ക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ഇലക്ട്രിക് ഉപകരണത്തിൽനിന്നാണു തീപിടിത്തമുണ്ടായതെന്ന് അനുമാനിക്കുന്നു.
ഇതിനിടെ, ആഗോളതാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഊർജിത നടപടികൾ വേണമെന്ന ആവശ്യത്തിൽ ഉച്ചകോടിയിൽ ചർച്ച തുടരുകയാണ്. വിഷയത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി നീട്ടിയിരിക്കുകയാണ്. 200 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നു.