Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commitment

ആ​രോ​ടാ​ണ് ന​മ്മു​ടെ പ്ര​തി​ബ​ദ്ധത?

കേ​ര​ള​ത്തി​ൽ​നി​ന്ന് വിദേശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യു​ടെ മ​റ്റു സം​സ്ഥാ​നങ്ങ​ളി​ലേ​ക്കു​പോ​ലും പാ​ഠ​നാ​വ​ശ്യ​ത്തി​ന് പോ​കു​ന്ന യു​വാ​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ മ​ടി​ക്കു​ന്നു. അ​ങ്ങ​നെ കേ​ര​ളം വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ ഒ​രു സം​സ്ഥാ​ന​മാ​യി താ​മ​സി​യാ​തെ മാ​റും എ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തുവ​ന്നി​ട്ട് കു​റ​ച്ചു കാ​ല​മാ​യി. 2023ലെ ​കേ​ര​ള മൈ​ഗ്രേ​ഷ​ൻ സ​ർ​വേ പ്ര​കാ​രം 25 ല​ക്ഷം കേ​ര​ളീ​യ​ർ വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്നു. അ​തി​ൽ അ​ഞ്ചു ല​ക്ഷം യു​വാ​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി​ട്ടാ​ണ് വി​ദേ​ശ​ത്തു കു​ടി​യേ​റി​യി​രു​ന്ന​തെ​ങ്കി​ൽ, ഇ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നും പി​ന്നീ​ട് ജോ​ലി​ക്കും വേ​ണ്ടി​യാ​ണ്. ഇ​വ​ർ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങിവ​രാ​തെ അ​വി​ടെ തു​ട​രാ​ൻ പ​ല​ത​ര​ത്തി​ലു​ള്ള, ന​മ്മേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട സാ​മൂ​ഹ്യ, വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക, സാം​സ്‌​കാ​രി​ക സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്ന് ന​മു​ക്ക​റി​യാം. അ​തുകൊ​ണ്ടാ​ണ​ല്ലോ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കേ​ര​ള​ത്തി​ലോ ഇ​ന്ത്യ​യി​ലോ വ​ന്നാ​ലും, യു​വ​ജ​ന​ങ്ങ​ളു​ടെ കൊ​ഴി​ഞ്ഞുപോ​ക്ക് കു​റ​യി​ല്ല എ​ന്നു പ​റ​യു​ന്ന​ത്. യു​വാ​ക്ക​ളെ വി​ദേ​ശ​ത്ത് ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ് യാ​ത്രാസൗ​ക​ര്യം, അ​ത് ട്രെ​യി​ൻ, ബ​സ്, വി​മാ​നം എ​ന്തുമാ​ക​ട്ടെ. ഇ​വ​യി​ലെ​ല്ലാം​ത​ന്നെ ഏ​താ​ണ്ടൊ​രേ നി​ല​വാ​ര​ത്തി​ലു​ള്ള യാ​ത്രാസൗ​ക​ര്യം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​പോ​ലും പ്രാ​പ്യ​മാ​ണെ​ന്നു​ള്ള​താ​ണ്. തി​ങ്ങി​നി​റ​ഞ്ഞ ബ​സു​ക​ളോ ട്രെ​യി​നു​ക​ളോ ഒ​ന്നും അ​വി​ടെ കാ​ണാ​ൻ ക​ഴി​യി​ല്ല. വ​ള​രെ നേ​ര​ത്തേ റി​സ​ർ​വ് ചെ​യ്ത് നോ​ക്കി​യി​രി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. ഒ​രു അ​ത്യാ​വ​ശ്യ​ത്തി​നു യാ​ത്ര ചെ​യ്യാ​ൻ ഇ​പ്പോ​ഴും ന​മ്മു​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. അ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യു​ടെ സൂ​ച​ന​കൂ​ടി​യാ​ണ​ല്ലോ ഗ​താ​ഗ​ത സൗ​ക​ര്യം. അ​വി​ടെ എ​ല്ലാം ഭ​ദ്രം ആ​ണെ​ന്നു​ള്ള​ത​ല്ല, മ​റി​ച്ച്, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ കാ​ണി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

കേരളത്തിലെ റോ​ഡ​പ​ക​ട​ങ്ങ​ൾ

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ളി​ൽ കു​റ​ച്ചു പു​രോ​ഗ​തിയുണ്ട് എ​ന്നു​ള്ള​ത് ശ​രി​യാ​ണെ​ങ്കി​ലും, കേ​ര​ള​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞോ എ​ന്ന് സം​ശ​യ​മാ​ണ്. റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ കേ​ര​ളം മൂ​ന്നാ​മ​താ​ണ്. 2024ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ദി​വ​സം 130 റോ​ഡ​പ​ക​ട​ങ്ങ​ളും ശരാശരി 10 മു​ത​ൽ 11 വ​രെ മ​ര​ണ​വും ഉ​ണ്ടാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ന​മ്മു​ടെ യു​വാ​ക്ക​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു രാ​ജ്യ​മാ​യ ഇ​ംഗ്ല​ണ്ടു​മാ​യി താ​ര​ത​മ്യം ചെ​യു​മ്പോ​ൾ ചെ​റി​യ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഷം ഇംഗ്ല​ണ്ടി​നേ​ക്കാ​ൾ ര​ണ്ട​ര ഇ​ര​ട്ടി റോ​ഡ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഈ ​അ​പ​ക​ട​ങ്ങ​ൾ കൂ​ടാ​തെ, ദി​വ​സേ​ന​യു​ള്ള യാ​ത്ര അ​ത്യ​ന്തം ബു​ദ്ധി​മു​ട്ടേ​റി​യ​തും, എ​പ്പോ​ൾ എ​വി​ടെ എ​ത്താ​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തുമാ​യി മാ​റു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ​ല്ലോ പ്രാ​യോ​ഗി​ക​മാ​യി സ​മൂ​ഹ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി​ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യും അ​ക​മ്പ​ടി കാ​റോ​ടു​കൂ​ടി​യും വ​ലി​യ സൈ​റ​ൺ ശ​ബ്ദ​ത്തോ​ടെ​യും ഒ​ക്കെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. ഒ​രുപ​ക്ഷേ സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാസൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​രം വി​ഐ​പി യാ​ത്ര​ക​ൾ സാ​വ​ധാ​നം ഒ​ഴി​വാ​യേ​നെ. അ​ങ്ങ​നെ സൗ​ക​ര്യ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​മു​ഖ വ്യ​ക്തി​ക​ൾ സ്വ​യം കാ​റോ​ടി​ച്ചും സൈ​ക്കി​ൾ ച​വി​ട്ടി​യും അ​ല്ലെ​ങ്കി​ൽ ബ​സി​ലും ട്രെ​യി​നി​ലും ഒ​ക്കെ സാ​ധാ​ര​ണ​ക്കാ​രെ​പോ​ലെ യാ​ത്ര ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. അ​ത് ന​മു​ക്ക് വ​ലി​യ വാ​ർ​ത്ത​യുമാ​ണ്. ഇ​ങ്ങ​നെ യാ​ത്രാ അ​സൗ​ക​ര്യ​ങ്ങ​ളെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെകൂ​ടി നി​കു​തിപ്പ​ണം ദു​രു​പ​യോ​ഗി​ച്ച്, അ​വ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി അ​വ​ര​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് മാ​ത്രം പ​രി​ഹ​രി​ക്കാ​നാ​ണ് ഗ​വ​ൺ​മെ​ന്‍റു​ക​ൾ പ​രി​ശ്ര​മി​ച്ചുകാ​ണു​ന്ന​ത്. ഇ​നി ചി​ല്ല​റ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യാ​ൽ​പോ​ലും അ​ത്, അ​ത​ത് ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ ജ​ന​ങ്ങ​ൾ​ക്കു​ള്ള ഔ​ദാ​ര്യ​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ദു​രി​തയാ​ത്ര​യു​ടെ ഗ​തി​കേ​ടി​ൽ പൊ​തു​ജ​നം

ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തെ​ക്കു​റി​ച്ചു​ള്ള വി​വാ​ദം ന​ട​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ​നാ​യ വ്യ​ക്തി, കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു പ​ദ്ധ​തി​പ്ര​ഖ്യാ​പി​ക്കു​ന്നു, അ​തി​നാ​യി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. എ​ന്നാ​ൽ, സാ​ക്ഷാ​ൽ റെ​യി​ൽ​വേ മ​ന്ത്രി​ത​ന്നെ അ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​ൻ ത​യാ​റാ​കു​ന്നി​ല്ല. സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റാ​ക​ട്ടെ അ​വ​രു​ടേ​താ​യ മ​റ്റൊ​രു പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ന്നു. പ്ര​തി​പ​ക്ഷ​മാ​ക​ട്ടെ ഇ​തൊ​ന്നു​മ​ല്ലാ​തെ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മ​റ്റൊ​രു പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് പ​റ​യു​ന്നു. ഇ​തി​ന്‍റെ​യെ​ല്ലാം ന​ടു​വി​ൽ പൊ​തു​ജ​നം ദു​രി​തയാ​ത്ര​യു​ടെ ഗ​തി​കേ​ടി​ൽ നെ​ടു​വീർ​പ്പിടു​ന്നു. ജ​നം ആ​രെ വി​ശ്വ​സി​ക്ക​ണം. ഇ​ത് ഉ​ന്ന​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​സ്ഥാ​പ​ന​ത്തി​ലും ശ​രി​യാ​ണ്.

ദീർ​ഘ​കാ​ല​ത്തേ​ക്ക് നി​ല​നി​ൽ​ക്കേ​ണ്ട, ത​ല​മു​റ​ക​ളെ​ത​ന്നെ ബാ​ധി​ക്കു​ന്ന, അ​തി​ല​ധി​കം വ​ലി​യ പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ള്ള ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ എ​ത്ര സൂ​ക്ഷ്മ​ത​യോ​ടെ വേ​ണം പ്ലാ​ൻ ചെ​യ്യാ​നും ന​ട​പ്പി​ലാ​ക്കാ​നും. ന​മ്മു​ടെ യു​വാ​ക്ക​ൾ പോ​കു​ന്ന രാ​ജ്യ​ങ്ങ​ൾ എ​ത്ര രാ​ഷ്‌​ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യ​മ​ല്ല, വൈ​ദ​ഗ്ധ‍്യ​വും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യും മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ.

എ​ന്നാ​ൽ, കേ​ര​ളം ഒ​രു ജ​ന​ത​യാ​യി, രാ​ഷ്‌​ട്രീ​യ സ​മൂ​ഹ​മാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ എ​വി​ടെ നി​ൽ​ക്കു​ന്നു എ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ചി​ല നി​ർ​ണാ​യ​ക സം​ഭ​വ വി​കാസ​ങ്ങ​ളാ​ണി​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കേ​ര​ള​ത്തെ​പോ​ലെ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക ഉ​ന്ന​തി നേ​ടാ​ത്ത സം​സ്ഥാ​ന​ങ്ങ​ൾ​പോ​ലും ഇ​ത്ത​രം വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യ സ​മ​ന്വ​യ​ത്തി​ൽ എ​ത്താ​റു​ള്ള​താ​യി നാം ​മ​ന​സി​ലാ​ക്കു​ന്നു. നാം ​ആ​ക​ട്ടെ രാ​ഷ്‌​ട്രീ​യ​മാ​യ വേ​ർ​തി​രി​വി​ൽ ഇ​തെ​ല്ലാം ന​ഷ്ട​പ്പെ​ടു​ത്തു​ന്നു.

ഇ​വി​ടെ വി​സ്മ​യ​ക​ര​മാ​യ ഒ​രു കാ​ര്യം, ന​മ്മു​ടെ താ​ത്പ​ര്യം ന​മ്മു​ടെ യു​വ ത​ല​മു​റ​യോ​ട​ല്ല, ന​മ്മു​ടെ ജ​ന​ങ്ങ​ളോ​ട​ല്ല, ന​മ്മു​ടെ സം​സ്ഥാ​ന​ത്തോ​ട​ല്ല, മ​റി​ച്ച് അ​ത്ര ശാ​ശ്വ​ത​മ​ല്ലാ​ത്ത ചി​ല രാ​ഷ്‌​ട്രീ​യ രൂ​പീ​ക​ര​ണ​ത്തോ​ടും അ​തി​ന്‍റെ യാ​ന്ത്രി​ക​മാ​യ കു​റ​ച്ചു സി​ദ്ധ​ന്ത​ങ്ങ​ളോ​ടും സ്വാ​ർ​ഥ മ​തി​ക​ളാ​യ കു​റ​ച്ച് നേ​താ​ക്ക​ളോ​ടും ആ​ണെ​ന്ന് തോ​ന്നി​പ്പോ​കു​ന്നു.

ഇ​ത്ത​രം രാ​ഷ്‌​ട്രീ​യ സ​ങ്കു​ചി​ത​ത്വ​വും വി​ഭാ​ഗീ​യ​ത​യും വി​വേ​ച​ന​വും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​യ യാ​ത്രാ സൗ​ക​ര്യ​ത്തി​ലും വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ളി​ലും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് അ​ത്യ​ന്തം സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് ന​മ്മു​ടെ നാ​ടുവി​ടു​ന്ന ചെ​റു​പ്പ​ക്കാ​രെ ഓ​ർ​ത്തു മു​ത​ല​ക്ക​ണ്ണീർ ഒ​ഴു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, സ​ത്യ​സ​ന്ധ​മാ​യി അ​വ​രെ അ​വ​രു​ടെ വ​ഴി​ക്കു വി​ടു​ക, എ​ന്നി​ട്ട് കേ​ര​ളം, പ​റ്റു​മെ​ങ്കി​ൽ ഇ​ന്ത്യ​യും രാ​ഷ്‌​ട്രീ​യക്ക​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള സ്ഥ​ല​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക.

Latest News

Up