മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ എട്ട് പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പ് എയില്‍നിന്ന് മൂന്നാം ജയത്തോടെ പാക്കിസ്ഥാനും സൂപ്പര്‍ എട്ട് ടിക്കറ്റ് എടുത്തതോടെയാണിത്. ബി, സി, ഡി ഗ്രൂപ്പുകളില്‍ ആദ്യ രണ്ടു സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ ഇടംപിടിച്ച ടീമുകളുടെ പട്ടിക നേരത്തേ പൂര്‍ത്തിയായിരുന്നു.
ഇവര്‍ സൂപ്പര്‍
ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യ, പാക്കിസ്ഥാന്, ഗ്രൂപ്പ് ബിയില്‍നിന്ന് ശ്രീലങ്ക, സിംബാബ്വെ, ഗ്രൂപ്പ് സിയില്‍നിന്ന് വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഗ്രൂപ്പ് ഡിയില്‍നിന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് എത്തിയത്.
സിംബാബ്വെ മാത്രം
സൂപ്പര്‍ എട്ടില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് എട്ടു ടീമുകളും മത്സരിക്കുന്നത്. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളും ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗിലൂടെ നിശ്ചയിക്കപ്പെട്ടു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്‍ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്തായപ്പോള്‍ സിംബാബ്വെ ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെട്ടത്.