ശ്രീനാരായണപുരം: പള്ളിനടയിൽ ഫുട് ഓവർബ്രിഡ്ജ് നിർമിക്കുന്നതിന് മുന്നോടിയായി ഉന്നതസംഘം സ്ഥലപരിശോധന നടത്തി.
നാഷണൽ ഹൈവേ 66 വരുന്നതിന്റെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ പള്ളിനട ജംഗ്ഷനിലും കൊപ്രക്കളത്തും ഹൈവേ ക്രോസ്ചെയ്ത് കടക്കാൻ മേൽപ്പാലം വരുന്നതിന്റെ ഭാഗമായാണ് ഉന്നതസംഘം സ്ഥലപരിശോധന നടത്തിയത്. ഇവിടെ സുരക്ഷാസംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരുംനൽകിയ നിവേദനങ്ങൾക്ക് പരിഹാരമായിട്ടാണ് പള്ളിനട സെന്ററിൽ എഫ്ഒബി അനുവദിച്ച് നാഷണൽ ഹൈവേ അഥോറിറ്റി ഉത്തരവിറക്കിയത്.
ഏറ്റവും വേഗത്തിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇ.ടി. ടൈസൺ എംഎൽഎ അറിയിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി.എൻ. സതീഷ്കുമാർ, മതിലകം ബ്ലോക്ക് മെംബർ വേണു തച്ചമ്പിള്ളി, വാർഡ് മെംബർമാരായ ഷിലു, സജിത പ്രദീപ് തുടങ്ങിയവർ ഉണ്ടായിരുന്നു.