ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മൗജ്പുറിൽ യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റസമ്മതം നടത്തി പ്രതി. ഫൈസാൻ (24) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഫൈസാനെ കൊന്നതെന്നാണ് യുവാവ് പറഞ്ഞത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നുവെന്നാണ് ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്. കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകൾക്കോ യാതൊരും ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് പ്രതി കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സൽമാൻ പറഞ്ഞത്.
വ്യാഴാഴ്ചയായിരുന്നു ഫൈസാൻ വെടിയേറ്റ് മരിച്ചത്. മൗജ്പുറിലെ ഒരു കഫേയിൽ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.