മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ മുൻ അധോലോക കുറ്റവാളി അരുൺ ഗാവ്ലിയുടെ മക്കളായ ഗീതയ്ക്കും യോഗിതയ്ക്കും തോൽവി.
ഗാവ്ലിയുടെ സ്വന്തം പാർട്ടിയായ അഖിൽ ഭാരതീയ സേന (എബിഎച്ച്എസ്) ടിക്കറ്റിലാണ് ബൈക്കുള മേഖലയിൽനിന്ന് ഇരുവരും ജനവിധി തേടിയത്. മൂന്നുതവണ ബിഎംസി കൗൺസലറായിരുന്ന ഗീതയെ സമാജ്വാദി പാർട്ടിയിലെ അമ്രിൻ ഷെസാദ് അബ്രാനി പരാജയപ്പെടുത്തി. ബിജെപി പ്രതിനിധി രോഹിദാസ് ലോക്ഹണ്ടെയാണ് യോഗിതയെ തറപറ്റിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിൽ ദാവൂദ് ഇഹ്രാമിന്റെ ഡി കന്പനിക്കു സമാന്തരമായി അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത അരുൺ ഗാവ്ലി നേരത്തേ ഒരുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശിവസേന കൗൺസിലറുടെ കൊലപാതകത്തിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഗാവ്ലി 2025 സെപ്റ്റംബറിലാണു ജയിൽമോചിതനായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ നാഗ്പുർ സെൻട്രൽ ജയിലിൽനിന്ന് ഗാവ്ലി പുറത്തിറങ്ങുകയായിരുന്നു.