Kerala
കുമളി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്നാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്. വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.
വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ൽ എത്തിയപ്പോൾ ആദ്യ പ്രളയ മുന്നറിയിപ്പ് നൽകിയത്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല. 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
International
കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.