ഡാളസ്: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരനെ കൊലപ്പെടുത്തിയ യുവാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് ഡാളസ് കോടതി. നെസ്റ്റർ ലുജാൻ ഫ്ലോറസിനെ (31) ആണ് കോടതി ശിക്ഷിച്ചത്.
2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഡാളസിൽ വച്ച് ടെറി ഐവറിയെ (45) ലുജാൻ ഫ്ലോറസ് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെറി കാറിന്റെ വിൻഡ്ഷീൽഡ് തകർത്ത് അകത്തേക്ക് വീണു.
അപകടത്തിനുശേഷം വണ്ടി നിർത്താതെ, യാത്രക്കാരന്റെ സീറ്റിൽ ടെറി ഐവറിയുടെ മൃതദേഹം ഇരിക്കെത്തന്നെ ഫ്ലോറസ് 40 മൈലോളം ദൂരം വണ്ടിയോടിച്ചു. വൈറ്റ് സെറ്റിൽമെന്റിലെ ഒരു റസ്റ്ററന്റ് പാർക്കിംഗിൽ അബോധാവസ്ഥയിൽ കണ്ടെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടുന്നത്.
2020ലും ഇയാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടിരുന്നു. ശിക്ഷാ കാലാവധിയുടെ പകുതിയെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ ഫ്ലോറസിന് പരോളിന് അർഹതയുണ്ടാവൂ എന്ന് കോടതി വ്യക്തമാക്കി.