മോസ്കോ: റഷ്യയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെഎ-226 ഹെലികോപ്റ്ററാണ് തകർന്നത്.
കിസ്ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യമാണ്. തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിലത്തിടിച്ച് ഹെലികോപ്റ്ററിന്റെ പിൻഭാഗം അടർന്നുപോയി. പിന്നീട് വെള്ളത്തിന് മുകളിലൂടെ ഹെലികോപ്റ്റർ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയും ചെയ്തു.
കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്റർ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്.