District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു. ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു എൻ. വാസു.
ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര്യത്തിനും സമീപിച്ചിട്ടില്ലെന്നും വാസു പറഞ്ഞു. വാതിൽ മാറ്റാൻ തനിക്കു മുന്നേ തീരുമാനമെടുത്തു. സ്വർണപ്പാളി-ദ്വാരപാലക ശില്പങ്ങൾ നൽകുന്പോൾ താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും എൻ. വാസു കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഇന്നും സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം. സ്വർണം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.
തിങ്കളാഴ്ചത്തേതിന് സമാനമായി പ്രതിപക്ഷം ഇന്നും ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു തിങ്കളാഴ്ച സർക്കാർ സ്വീകരിച്ച നിലപാട്.
ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി നിർദേശിച്ച അന്വേഷണം ശനിയാഴ്ച ആരംഭിക്കും.
District News
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വംമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു പ്രതിപക്ഷം ബാനർ കെട്ടി. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വച്ചു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവച്ചു.പിന്നീട് സഭ ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ഇതിനിടയിലും ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ട് പോയി. നോട്ടീസ് നൽകാതെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും സ്പീക്കർ ചോദിച്ചു.
സ്വർണപ്പാളി വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷം ചർച്ചയെ ഭയക്കുകയാണ്.അവർ ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നും അതിനാലാണ് സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാത്തതെന്നും രാജേഷ് പറഞ്ഞു.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.
ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായത്. 2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
District News
പത്തനംതിട്ട: ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്.
സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. 2019 ജൂലൈയില്‍ ഉണ്ണികൃഷ്ണന് പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്.
2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.