ചങ്ങനാശേരി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സാമ്പത്തിക രംഗം മെച്ചപ്പെടുത്തി കേരളത്തിന്റെ സമഗ്ര വികസനത്തിന് നൂതനപദ്ധതികള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ബദല്‍ നിര്‍ദേശങ്ങളുമായാണ് യുഡിഎഫ് പുതുയുഗ യാത്ര നടത്തുന്നതെന്നും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ടൂറിസം രംഗങ്ങളില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്ന യുവജനങ്ങളുടെ ഒഴുക്കു തടയാന്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു.
കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്, വി.കെ. ശ്രീകണ്ഠന്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, യുഡിഎഫ് നിയോജകണണ്ഡലം കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം, ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു കോയിപ്പുറം, കെ.എ. ജോസഫ്, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, കെ.എഫ്. വര്‍ഗീസ്, ജോഷി ഫിലിപ്പ്, വി.ജെ. ലാലി, അസീസ് ബഡായില്‍, വിനു ജോബ്, ജോമി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എത്ര മിനുക്കിയാലും സര്‍ക്കാരിന്റെ വൈകൃതം മാറില്ല: രമേശ് ചെന്നിത്തല
എത്ര മിനുക്കിയാലും സര്‍ക്കാരിന്റെ വൈകൃതം മാറില്ലെന്നും കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുമെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ സര്‍ക്കാരിനെതിരേ വോട്ടു ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണം അഴിമതിക്കുള്ള ലൈസന്‍സാക്കി മാറ്റിയ സര്‍ക്കാര്‍: പി.ജെ. ജോസഫ്
ഭരണം അഴിമതി നടത്താനുള്ള ലൈസന്‍സായി മാറ്റിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. പൊള്ളയായ വാഗ്ദാനങ്ങളാണ് സര്‍ക്കാരിന്റേതെന്നും സത്ഭരണത്തിനുള്ള പടപ്പുറപ്പാടാണ് പുതുയുഗയാത്രയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ കൈവിട്ടുപോയ ചങ്ങനാശേരി ഇത്തവണ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു