Kerala
കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്.
കുടുംബജീവിതം നശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എന്തുകൊണ്ടാണു നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കണം.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതല്ലാതെ എന്തു നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്? പാര്‍ട്ടി നടപടിക്കു മുമ്പ് എംഎല്‍എസ്ഥാനം രാജിവയ്പിക്കണമായിരുന്നു. തനിക്കു നീതി ലഭിക്കണം. രാഹുല്‍ ഈശ്വര്‍ തനിക്കു പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ ആത്മാര്‍ഥമായാണെങ്കില്‍ അതിനെ സ്വീകരിക്കുന്നതായും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചുയര്ന്ന പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.
വിഷയത്തില്‍ പക്വത പാലിക്കണമെന്നാണ് അന്വേഷണസംഘം തന്നോടു പറഞ്ഞിട്ടുള്ളത്. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിത ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) രശ്മി ശുക്ല സർവീസിൽ നിന്നും വിരമിച്ചു. പോലീസ് സേനയിൽ 37 വർഷവും ആറ് മാസത്തെയും സേവനത്തിനു ശേഷമാണ് രശ്മി ശുക്സ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഭോയിഗാഡയിലെ നൈഗാവ് പോലീസ് മൈതാനത്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകികൊണ്ടായിരുന്നു വിടവാങ്ങൽ ചടങ്ങ്. മഹാരാഷ്ട്ര പോലീസിന്റെ ഒന്നിച്ചുള്ള പ്രവർത്തനം തന്നെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും ഒരുപാട് നല്ല ഓർമകൾ ലഭിച്ചുവെന്നും ചടങ്ങിൽ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടറായതിൽ അഭിമാനിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്.
അതേസമയം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ദത്തെയെ മഹാരാഷ്ട്രയുടെ പുതിയ ഡിജിപിയായി നിയമിച്ചു.
Kerala
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പരാതി നൽകിയത്.
നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ എസ്. സുനന്ദ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലയളവിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം. പരാതി അന്വേഷണത്തിനായി എഡിജിപിക്ക് കൈമാറി.
വൈറലായ ഗാനത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസെടുക്കുന്നതിൽ നിയമോപദേശം തേടും.
ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം.
Kerala
പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിനു പോലീസുകാരുണ്ടെന്നും തിരക്ക് നിയന്ത്രണവിധേയമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായത്. വന്നവർക്കെല്ലാം ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.
ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ വന്നു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടകർ വരണമെന്നും ഡിജിപി നിർദേശിച്ചു.
കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
Kerala
തിരുവനന്തപുരം: പോലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഡിജിപി. ഇതുസംബന്ധിച്ച സർക്കുലറിൽ പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവുമുണ്ട്.
സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി സർക്കുലർ പുറത്തിറക്കിയത്.
Kerala
കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ മുഴുവൻസമയ പ്രവർത്തകനാകുന്നു. ഇതിന്റെ ഭാഗമായി, ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ പങ്കെടുക്കും.
എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലത്തിലാണ് അദ്ദേഹം പൂർണ ഗണവേഷത്തിൽ പങ്കെടുക്കുക. ആർഎസ്എസിന്റെ ശതാബ്ധി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ വിജയദശമിക്ക്.
പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതിരേ രൂക്ഷവിമർശനവുമായി ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത . പോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നുവെന്നാണ് യോഗേഷ് ഗുപ്തയുടെ ആരോപണം.
കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കാന്‍ എം പാനല്‍ ചെയ്യാനുള്ള പട്ടികയില്‍ ഇടം നേടാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ യോഗേഷ് ഗുപ്ത അസ്വസ്ഥനാണ്. തനിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിച്ച് അദ്ദേഹം വിവരാവാകാശ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷയില്‍ തനിക്ക് മറുപടി നല്കാന് സാധിക്കില്ലെന്ന് പോലീസ് മേധാവി മറുപടി നല്‍കിയിരുന്നു. രഹസ്യ രേഖയായതിനാല്‍ അത് നല്കാന് സാധിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മറുപടി നല്‍കിയിരുന്നു. ഇതാണ് യോഗേഷ് ഗുപ്തയെ ചൊടിപ്പിച്ചത്. അപ്പീല്‍ അപേക്ഷ എന്ന വിധത്തിലാണ് രൂക്ഷ വിമര്‍ശനവുമായി യോഗേഷ് ഗുപ്ത സംസ്ഥാന പോലീസ് മേധാവിക്കു കത്തയച്ചത്.
കെ.എം. ഏബ്രഹാമിനെതിരായ കേസിന്റെ വിവരങ്ങള്‍ അടങ്ങിയ വിജിലന്‍സ് ഫയല്‍ കോടതി നിര്‍ദേശം വന്നയുടന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ആലോചിക്കാതെ സിബിഐക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്നിന്നു നീക്കി ഫയര്‍ഫോഴ്സ് മേധാവിയാക്കുകയായിരുന്നു. കേന്ദ്ര സര്‍വീസിലേക്ക് പോകാനായി യോഗേഷ് ഗുപ്തയുടെ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എട്ടു തവണ കത്ത് അയച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
തന്റെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും പ്രതികാര നടപടി പുലര്‍ത്തുന്നുവെന്നും കാട്ടി യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഐപിഎസ് അസോസിയേഷന് പ്രസിഡന്റ് കുടിയായ യോഗേഷ് ഏറെ നാളായി സര്‍ക്കാരിന് അനഭിമതനാണ്.
Kerala
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കർശന നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി ഒരു വാർത്താ ചാനലിനോടു പ്രതികരിച്ചു.
കസ്റ്റഡി മർദനം സംബന്ധിച്ച് തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്നു തന്നെ നടപടിയെടുത്തെന്നും കോടതി ഉത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പോലീസുകാർ അമിതമായി പേഴ്സണൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ നിർദേശം. ഡ്യൂട്ടി സമയങ്ങളിലെ പോലീസുകാരുടെ അമിത ഫോണ്‍ ഉപയോഗം ക്രമസമാധാന പാലനത്തെ അടക്കം ഗുരുതരമായി ബാധിക്കുന്നതായും ഡിജിപി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യമായി വിളിച്ച ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഫോണ്‍ വിളിയും ഫോണ്‍ വഴിയുള്ള അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗവും താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണം നടത്തി ഫലപ്രദമായി നിയന്ത്രിക്കാൻ എസ്പിമാർ നടപടി സ്വീകരിക്കണം. സമരം അടക്കം സംഘർഷമുണ്ടാകുന്ന അവസരങ്ങളിൽ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസർമാർമാരുടെ നിർദേശാനുസരണം മാത്രമേ പോലീസ് നടപടികൾ ആരംഭിക്കാൻ പാടുള്ളു. ചാർജ് ഓഫീസർമാരുടെ നിർദേശമില്ലാതെ താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർ ലാത്തി വീശുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യരുത്. സംഘർഷ സാഹചര്യങ്ങൾ മുൻകൂട്ടി കാണാനാകണം. ഇതിനനുസരിച്ചുള്ള ക്രമീകരണം ഒരുക്കണം. സംഘർഷ സാഹചര്യത്തിൽ പോലീസുകാർക്കു പരിക്ക് ഏൽക്കാതിരിക്കാൻ സംരക്ഷണ കവചങ്ങൾ ധരിക്കണം.
സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നടപടികളാകണം പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. പൊതുസമൂഹത്തിൽ കളങ്കമുണ്ടാക്കുന്ന നടപടികൾ പാടില്ല. പോലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു കാര്യവും സേനാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
വരുന്ന 31നു സർവീസിൽ നിന്നു വിരമിക്കുന്ന ഡിജിപി ഹരിനാഥ് മിശ്രയ്ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. ഏറെക്കാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബിയിലാണ് ഹരിനാഥ്മിശ്ര.
യാത്രയയപ്പ് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയെ കൂടാതെ എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത്, പി.വിജയൻ, എം.ആർ.അജിത്കുമാർ, ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐ രാജ്ഭവന് മാര്‍ച്ചില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംഭവത്തില്‍ ഗവര്‍ണര്‍ ഡിജിപിയെ അതൃപ്തി അറിയിച്ചു.
ബാരിക്കേഡ് ഭേദിച്ച് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയത് സുരക്ഷാവീഴ്ചയാണെന്നും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച എസ്എഫ്ഐയും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. വൈകുന്നേരം മൂന്നിന് പുതിയ പോലീസ് മേധാവി ചുമതലയേറ്റെടുക്കും.
യുപിഎസ്സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് ഒരുവർഷം കൂടി സർവീസ് കാലാവധിയുണ്ട്.
തലശേരി എഎസ്പിയായി സർവീസ് ആരംഭിച്ച റവാഡ കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു.
ഐബിയിലേക്ക് ഡപ്യൂട്ടേഷനിൽ പോയ അദ്ദേഹം നക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികകളിൽ ജോലി ചെയ്തു. പിന്നീട് ഐബി സ്പെഷൽ ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് സംസ്ഥാന പോലീസ് മേധാവി തസ്തികയിലേക്ക് വരാൻ താത്പര്യമറിയിച്ചത്. ഭാര്യ: സരിത. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.