ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് തുടരുന്ന ടിക്കറ്റ് നിരക്ക് കൊള്ളയ്ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയെന്ന് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍.
പുതിയ ഉത്തരവ് പ്രകാരം 500 കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് പരമാവധി 7500 രൂപയും, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 12,000 രൂപയും, 1000 മുതല്‍ 1500 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 15,000 രൂപയും, 1500 കിലോ മീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 18,000 രൂപയും ഈടാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പരമാവധി തുകയാണ്. ഇതിന് മുകളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനക്കമ്പിനികൾ യാത്രാ നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രാനിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര സര്‍വീസുകള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു.