Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്ന റിപ്പോർട്ട് വന്നത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് നഗരസഭയിലെ 24ാം വാർഡിലാണ്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.
രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ രാഹുൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ എത്തിയാൽ ഡിവൈഎഫ്ഐയും ബിജെപിയും പോളിംഗ് ബൂത്തിനരികെ പ്രതിഷേധിക്കും. ബൂത്തിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയട്ടുണ്ട്.
Kerala
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോണ്‍ഗ്രസ് ക്രിമിനൽ സംഘത്തെ പോറ്റി വളര്‍ത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി.
"കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്.'-സനോജ് പറഞ്ഞു.
"കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.'-സനോജ് അറിയിച്ചു.
"കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്.'-സനോജ് കൂട്ടിച്ചേർത്തു.
സസ്പെന്‍ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? രാഹുലിനെതിരെ നിലപാട് എടുത്തവർക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്നും വി.കെ. സനോജ് ആരോപിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഓഫീസിന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവച്ചു.
ഇങ്ങനെ ഒരു എംഎൽഎ പാലക്കാടിന് വേണ്ടെന്നും രാജിവയ്ക്കണമെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകർ രാഹുലിന്റെ ഓഫീസിൽ എത്തിയത്. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.
അക്രമാസക്തരായ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ റീത്ത് വച്ചു. ഓഫീസ് പൂട്ടിയ നിലയിലാണ്. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രസംഗിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം.
ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിനു പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപന പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.
എന്നാൽ എംപി വേദിയിൽ നിന്ന് പോയതിനു പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ ‘രക്തസാക്ഷി’യാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം.
അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾത്തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേനിലപാട് തന്നെയാണ് ഇപ്പോഴും. ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ് ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
2024 ഏപ്രില്‍ അഞ്ചിന് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തിലായിരുന്നു ഷെറിൻ മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ കുന്നോത്തുപറന്പ് മേഖലാ സമ്മേളനത്തിലാണ് ഷെറിനിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. ഈ സ്ഫോടനത്തിൽ മറ്റൊരു യുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, പാർട്ടി തള്ളിപ്പറഞ്ഞ ഷെറിന്റെ വീട് അന്ന് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്.
സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
സംഘര്‍ഷത്തില്‍ മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.
District News
നെടുമങ്ങാട്: സിപിഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകരും എസ്ഡിപിഐക്കാരുടെ വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്ത കേസിൽ നാലു ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസിൽ കീഴടങ്ങി.
എസ്ഡിപി ഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം വാര്യകോണത്ത് പണയിൽ വീട്ടിൽ നിസാമുദീൻ (49), വട്ടപ്പാറ വേങ്കോട് കൊല്ലമലയത്തുവീട്ടിൽ ഷംനാദ് (36) എന്നിവർ അരുവിക്കര സ്റ്റേഷനിലും ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നഗർ ഹാഷിക് മൻസിലിൽ റിയാസ് (36), കരകുളം കല്ലറ വീട്ടിൽ അനന്ദു (31), കരകുളം അമലയിൽ അമൽ (31), കരകുളം ജയ ഭവനിൽ അനൂപ് (37) എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലുമാണ് കീഴടങ്ങിയത്.
കഴിഞ്ഞ നാലിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു തുടക്കം. പിന്നാലെ എസ്ഡിപി ഐ നേതാക്കളുടെ വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചിരുന്നു. ആംബുലൻസ് കത്തിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
Kerala
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
തുടർന്ന് കാറിനു മുകളിൽ ഡിവൈഎഫ്ഐയുടെ പതാകയും വച്ചു. ഇതോടെ കാറിനു പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എംഎൽഎയെ തോളിലേറ്റിയാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.
വിവാദങ്ങള്‍ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെ പരിപാടികളിൽ രഹസ്യമായിട്ടാണ് പങ്കെടുത്തിരുന്നത്. എന്നാൽ പിരായിരിയിലെ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് കാണിച്ച് ഫ്ലക്സ് ഉൾപ്പടെ നേരത്തെ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ നടന്നത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
പേരാമ്പ്രയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില്‍ വച്ച് ആക്രമിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച ആ പ്രതിഷേധം തടസപ്പെടുത്താന്‍ ഷാഫി പറമ്പിലും സംഘവും ഷോയുമായി ഇറങ്ങുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനത്തിനു നേരെ ഇരച്ചു കയറി സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഷാഫി ഉദ്ദേശിച്ചത്. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു.
ഷാഫിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നീട് അവര്‍ പോലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും വി.കെ. സനോജ് പറഞ്ഞു.
ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഷാഫിക്ക് ക്രൂരമര്‍ദനമേറ്റെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോ ആണ്. ഷാഫിയുടെ ഷോ കഞ്ഞിക്കുഴി സതീശന്മാര് തോറ്റു പോകുന്ന ഷോയാണ്.
ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്‍ഡിക്കേറ്റ് കേരളത്തിലെ കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാല്‍ ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കും.
റൂറല്‍ എസ്പി പറഞ്ഞതില്‍ തെറ്റില്ല. ലാത്തി വീശിയില്ല. വെറുതെ നിന്ന ഷാഫിക്ക് അല്ലലോ അടി കൊണ്ടത്. പ്രകോപനം ഉണ്ടായാല്‍ പോലീസ് നോക്കി നില്‍ക്കുമോ. ചിലപ്പോള്‍ കൈ തട്ടിയിട്ടുണ്ടാകാം. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.
Kerala
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി വാണിയംകുളത്തായിരുന്നു സംഭവം.
ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്. അതേസമയം, കേസിലെ പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായതായി സൂചനയുണ്ട്. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേരാണ് പിടിയിലായതെന്നാണ് വിവരം.
Kerala
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കെ.കെ. രമ എംഎൽഎയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓണം വൈബ് ഉദ്ഘാടനം ചെയ്ത് വടകര ടൗൺ ഹാളിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ബാനറും കൊടിയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയെ തടഞ്ഞ് പ്രതിഷേധിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ തയാറായില്ല.
എന്നാൽ കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രവർത്തകരോട് ഷാഫിയും തട്ടിക്കയറി. പ്രതിഷേധിച്ചോളു, അത് നിങ്ങളുടെ അവകാശമാണെന്നും ആവശ്യമില്ലാത്തത് പറയരുതെന്നും ഷാഫി പറഞ്ഞു. ഏറെ പണിപെട്ടാണ് പ്രവർത്തകരെ പോലീസ് സ്ഥലത്ത് നിന്നും മാറ്റിയത്.
NRI
റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് റിയാദിൽ പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വി. വസീഫ്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകൾ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് സംഘപരിവാർ അജണ്ട നടപ്പിൽ വരുത്താൻ സാധിക്കാത്തത്.
അതിനായി ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇപ്പോൾ സമരരംഗത്താണ്.
സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ട ഈ അവസരത്തിൽ ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ബൊക്കെ നൽകി സ്വീകരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദി പറഞ്ഞു.
Kerala
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീസിലേക്കു കടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
സംഘർഷത്തിനിടെ ടോൾ പ്ലാസ ഓഫീസിനു സമീപമുള്ള ചെടിച്ചട്ടികളും പ്രവർത്തകർ തകർത്തു. ഇതോടെ, പ്രവർത്തകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ ടോൾപ്ലാസ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്.
Kerala
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു യുവതി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങളിൽനിന്നു വീണാ ജോർജിനായി ‘രക്ഷാപ്രവർത്തന’ത്തിന് ഇറങ്ങുകയാണ് ഡിവൈഎഫ്ഐ. നവകേരള സദസിനായി നേരത്തേ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ബസ് യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ സംഘടനകളെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച് രക്ഷാപ്രവർത്തനം നടത്തിയത് ഏറെ വിവാദമായിരുന്നു. വീണാ ജോർജിനായി ഡിവൈഎഫ്ഐക്കാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്പോഴും കേരളം വീണ്ടും സംഘർഷ ഭൂമിയാകാനാണു സാധ്യത. മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ രാജിവയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ചെറുപ്പക്കാരെയാകെ രംഗത്തിറക്കി സംരക്ഷണമൊരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയാകെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ. മരണത്തെ അപഹാസ്യമായി കാണുകയും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉപയോഗപ്പെടുത്തുകയുമാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പു ഘട്ടത്തിലുണ്ടായ മരണത്തിലും ഇതാണു കണ്ടത്. മരണത്തിൽനിന്നു മുതലെടുപ്പു നടത്തുന്നവരായി യൂത്ത് കോണ്‍ഗ്രസ് മാറി. അധികാരം തിരിച്ചുപിടിക്കാൻ ചില സംഭവങ്ങളെ പർവതീകരിച്ചു വിമോചന സമരം സൃഷ്ടിക്കാനാകുമോ എന്നാണു നോക്കുന്നത്. കനുഗോലു ആവിഷ്കരിച്ച 2026ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രം കേരളത്തിൽ ഏശില്ല. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കു മാർച്ച് നടത്തിയവർ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ എംഎൽഎമാർക്കും വീടും ഓഫീസുമുണ്ടെന്ന് ഓർക്കണം. അവിടേക്കു ഞങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിപ്പിക്കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസിനെ ഓർമിപ്പിക്കാനുള്ളത്. മുഖ്യമന്ത്രി മാത്രമല്ല, വിവിധ മേഖലകളിലുള്ളവർ വിദേശത്തു ചികിത്സ തേടിയിട്ടുണ്ട്. എവിടെയാണോ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നത് അവിടെ ചികിത്സക്കുപോകുന്നതിൽ തെറ്റില്ലെന്നു ചോദ്യത്തിനു മറുപടിയായി സനോജ് പറഞ്ഞു.
District News
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് മാര്‍ച്ചുമായി രംഗത്തെത്തിയത്.
മാര്‍ച്ച് തടയുന്നതിനായി വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. വെള്ളയമ്പലത്തിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.