തിരുവനന്തപുരം: ഭിന്നഷശേഷിക്കാരന്റെ കുടുംബത്തിനു അനുവദിച്ച എഎവൈ റേഷൻ കാർഡ്, മന്ത്രി ജി.ആർ അനിൽ നേരിട്ടു കൈമാറി. പള്ളിപ്പുറം വെള്ളൂർ കട്ടറച്ചിറക്കോണത്തെ അനിക്കാണ് മന്ത്രി കാർഡ് കൈമാറിയത്.
പള്ളിപ്പുറം ടെക്നോസിറ്റിയിലെ വെള്ളൂർ കട്ടച്ചിറക്കോണത്ത് ഒറ്റമുറി വീട്ടിൽ താമസിക്കുന്ന സുലോചന (65) യ്ക്കും മകൻ അനി (49)ക്കും ആവശ്യ സൗകര്യങ്ങൾ ഉറപ്പുവരുത്തി. കെട്ടിട നിർമാണ തൊഴിലാളിയായ അനിയുടെ കാലിലെ ഞരന്പുകൾ ചുരുങ്ങിയതിനാൽ, വർഷങ്ങളായി പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ പഞ്ചായത്ത് അനുവദിച്ച വീടുപണി പൂർത്തിയാക്കാനായി ല്ല.
ഇതു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു മന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ ഞായറാഴ്ച കുടുംബത്തെ സന്ദർശിച്ചിരുന്നു. തുടർന്ന് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തിയ മന്ത്രി പിങ്ക് നിറത്തിലുള്ള പിഎച്ച്എച്ച് എന്ന കാർഡിൽനിന്നും എഎവൈ കാർഡിലേക്ക് കുടുംബത്തെ മാറ്റുകയായിരുന്നു. ഇതോടെ ഇവർക്ക് സൗജന്യ ചികിത്സയും 35 കിലോ ഭക്ഷ്യധാന്യങ്ങളും ലഭ്യമാകും