ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണത്തിലൂടെ ലക്ഷ്യമിടുന്ന ആത്യന്തിക ഫലം ‘ആഗോളതലത്തിൽ സജ്ജരായ’ ബിരുദധാരികളെ സൃഷ്ടിക്കുക എന്നതാണ്. അന്താരാഷ്ട്ര കാഴ്ചപ്പാടുകൾ, വിവിധ സംസ്കാരങ്ങളുമായി ഇടപഴകാനുള്ള കഴിവുകൾ, ഡിജിറ്റൽ വൈദഗ്ധ്യം, അതിരുകൾക്കപ്പുറം ജോലി ചെയ്യാനുള്ള പ്രാപ്തി എന്നിവയുള്ള വിദ്യാർഥികളെയാണ് ഇതിലൂടെ വാർത്തെടുക്കുന്നത്. ഇത്തരം പരിഷ്കാരങ്ങൾ വിദ്യാഭ്യാസപരമായ കുടിയേറ്റത്തിനുള്ള നിർബന്ധിത സാഹചര്യങ്ങളെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീർത്തി വർധിപ്പിക്കൽ, ഗവേഷണഫലങ്ങളിലും നവീനതകളിലും വർധനയുണ്ടാക്കൽ, അറിവിന്റെ ഉത്പാദനം, ധനസഹായത്തിനുള്ള അവസരങ്ങൾ, ലാഭവിഹിതം, ദീർഘകാലാടിസ്ഥാനത്തിലുള്ള ശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇതിന്റെ മറ്റ് നേട്ടങ്ങൾ.
ഏതൊരു വിദ്യാർഥിക്കും താൻ ഈ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന ബോധം ഉണ്ടാവുകയും തുല്യമായ അക്കാദമിക്, തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുകയും ചെയ്യുന്ന, നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വിദ്യാഭ്യാസരീതി സ്ഥാപിക്കുക എന്നതാണ് ഇതിന്റെ വലിയ ലക്ഷ്യം. ഈ കാഴ്ചപ്പാടിനെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിന് ചിട്ടയായ ആഗോള ഇടപെടൽ സംവിധാനങ്ങൾ ആവശ്യമാണ്.
ഉന്നതവിദ്യാഭ്യാസ അന്താരാഷ്ട്രവത്കരണ നടപ്പിലാക്കൽ തന്ത്രങ്ങൾ
ആഗോളതലത്തിൽ വിവിധ തരത്തിലുള്ള സർവകലാശാലാ പങ്കാളിത്ത കരാറുകൾ നിലവിലുണ്ട്. ധാരണാപത്രങ്ങൾ, വിദ്യാർഥി വിനിമയ കരാറുകൾ, സർവകലാശാലാതല കരാറുകൾ അഥവാ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ, ട്രാൻസ് നാഷണൽ എഡ്യുക്കേഷൻ ആർട്ടിക്കുലേഷൻ, ബ്ലെൻഡഡ് ഇന്റൻസീവ് പ്രോഗ്രാമുകൾ, ജിഡിപിആർ വിവര കൈമാറ്റ കരാറുകൾ, വിദേശ കാമ്പസുകൾ, കൺസോർഷ്യങ്ങൾ അല്ലെങ്കിൽ ശൃംഖലകൾ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
ഇവയിൽ, തന്ത്രപ്രധാന പങ്കാളിത്തങ്ങൾ എന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനവും മറ്റൊരു സംഘടനയും തമ്മിലുള്ള ദീർഘകാലവും പരസ്പര പ്രയോജനകരവുമായ സഹകരണമാണ്. ഇതിലൂടെ ഓരോ സ്ഥാപനത്തിനും തനിയെ കൈവരിക്കാൻ കഴിയാത്ത ലക്ഷ്യങ്ങളും വിഭവങ്ങളും വൈദഗ്ധ്യവും ഒന്നിപ്പിച്ചുകൊണ്ട് കൂടുതൽ ഫലപ്രദമായി നേടാൻ സാധിക്കുന്നു.
ട്രാൻസ് നാഷണൽ എഡ്യുക്കേഷൻ എന്നാൽ ഒരു രാജ്യത്തെ വിദ്യാഭ്യാസ പരിപാടി മറ്റൊരു രാജ്യത്തുള്ള വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന രീതിയാണ്. ഇതിൽ വിദ്യാഭ്യാസം അതിരുകൾ കടന്നു വിദ്യാർഥിയിലേക്ക് എത്തുന്നുണ്ടെങ്കിലും ബിരുദം നൽകുന്ന രാജ്യത്തേക്ക് വിദ്യാർഥി നേരിട്ട് പോകേണ്ടി വരുന്നില്ല. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട മാതൃകകൾ താഴെ പറയുന്നവയാണ്:
എ) ടൈനിംഗ് പ്രോഗ്രാം: ഇതിൽ പാഠ്യപദ്ധതിയും മൂല്യനിർണയവും മാതൃസർവകലാശാല രൂപകൽപ്പന ചെയ്യുകയും മാതൃസ്ഥാപനവും ആതിഥേയ സ്ഥാപനവും സംയുക്തമായി അത് നടപ്പിലാക്കുകയും ചെയ്യുന്നു.
ബി) രണ്ട് സ്ഥാപനങ്ങൾ, ഒരു ബിരുദം: ഇതിൽ വിദ്യാർഥിക്ക് സാധാരണയായി വിദേശ പങ്കാളിത്ത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് ലഭിക്കുന്നത്.
സി) ജോയിന്റ് ഡിഗ്രി പ്രോഗ്രാം: രണ്ടോ അതിലധികമോ സർവകലാശാലകൾ സംയുക്തമായി നൽകുന്ന ഒരൊറ്റ ബിരുദത്തിലേക്ക് ഇത് നയിക്കുന്നു.
ഡി) ഡ്യുവൽ/ഡബിൾ ഡിഗ്രികൾ: ഒരു ഏകീകൃത പഠനപദ്ധതിയിലൂടെ വിദ്യാർഥി ഒരേസമയം രണ്ട് വ്യത്യസ്ത ബിരുദങ്ങൾക്കായി പഠിക്കുന്നു. ഒന്ന് മാതൃ സ്ഥാപനത്തിൽനിന്നും മറ്റൊന്ന് ആതിഥേയ സ്ഥാപനത്തിൽനിന്നും.
അക്കാദമികവ്യവസായ ബന്ധം: ആഗോള മാതൃകകളിൽനിന്നുള്ള പാഠങ്ങൾ
വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രായോഗിക മാർഗമാണ് അക്കാദമികവ്യവസായ ബന്ധങ്ങൾ. വികസിത രാജ്യങ്ങളിൽ ഇത് വ്യാപകമായി നടപ്പിലാക്കിവരുന്നുണ്ട്. ‘നവീനതകളുടെ നാട്’ എന്നറിയപ്പെടുന്ന സ്വീഡൻ തുടങ്ങിയ ആഗോള രാജ്യങ്ങൾ അക്കാദമിക് മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ഉന്നത നിലവാരമുള്ള സർവകലാശാലകളുമായി സംയോജിപ്പിച്ച് സയൻസ് പാർക്കുകളും ഹെൽത്ത് പാർക്കുകളും സ്ഥാപിക്കുന്നതിലൂടെയാണ് ഇത് പലപ്പോഴും സാധ്യമാകുന്നത്. ഈ രീതിയിൽ, സർവകലാശാലയ്ക്കുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അറിവ് തൊട്ടടുത്തുള്ള ഈ പാർക്കുകളിൽവച്ച് പരിഷ്കരിക്കപ്പെടുകയും, അതിന്റെ അന്തിമ ഉത്പന്നമോ പ്രായോഗിക രൂപമോ സമീപത്തുള്ള വ്യവസായ കേന്ദ്രങ്ങളിലേക്കോ ടെക്നോപാർക്കുകളിലേക്കോ തടസങ്ങളില്ലാതെ കൈമാറുകയും ചെയ്യുന്നു. സ്വീഡനിലെ ഗോഥൻബർഗിലുള്ള ലിൻഡ്ഹോൾമെൻ സയൻസ് പാർക്കും സാൽഗ്രെൻസ്ക സയൻസ് പാർക്കും ഇത്തരത്തിലുള്ള സംയോജിത സമീപനത്തിന് മികച്ച ആഗോള മാതൃകകളാണ്.
ഇനി മുന്നോട്ടുള്ള പാത
മേൽപ്പറഞ്ഞ ആറ് പ്രധാന മേഖലകളിലൂടെ ഇന്ത്യ തങ്ങളുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിവർത്തനം കൊണ്ടുവരേണ്ടതുണ്ട്. സർവകലാശാലയുടെ എല്ലാ ഘടകങ്ങളും ഈ മാറ്റത്തിന് വിധേയമാകണം. ഇതിൽ പാഠ്യപദ്ധതിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമാണ് പ്രാഥമിക പരിഗണന നൽകേണ്ടത്.
പാഠ്യപദ്ധതിയിലെ പരിഷ്കാരങ്ങൾ:
ഔദ്യോഗിക പാഠ്യപദ്ധതിയിൽ ക്രെഡിറ്റ് ലഭിക്കുന്ന മൊഡ്യൂളുകളിലും കോഴ്സുകളിലും അന്താരാഷ്ട്ര പഠന അവസരങ്ങൾ ഉൾപ്പെടുത്തണം. ക്ലാസ്മുറികളിലെ വൈവിധ്യം പ്രയോജനപ്പെടുത്തുക, ആഗോളതലത്തിലുള്ള വായനാ പട്ടികകൾ തയാറാക്കുക, വിദേശ വിദഗ്ധരുടെ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തുക, ആഗോളതലത്തിൽ ജോലി ചെയ്യാനുള്ള വൈദഗ്ധ്യം, സാംസ്കാരിക വിനിമയ ശേഷി, ഡിജിറ്റൽ കഴിവുകൾ, കൊളാബറേറ്റീവ് ഓൺലൈൻ ഇന്റർനാഷണൽ ലേണിംഗ് എന്നിവയ്ക്ക് മുൻഗണന നൽകണം. പഠനവിഷയങ്ങളെ ആഗോള സാഹചര്യത്തിൽ മനസിലാക്കാനും സാംസ്കാരിക സ്വാധീനങ്ങൾ തിരിച്ചറിയാനും അന്താരാഷ്ട്ര അവബോധം പ്രകടിപ്പിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാകണം ഇതിന്റെ ലക്ഷ്യം.
അനുബന്ധ പ്രവർത്തനങ്ങൾ:
വിവിധ സംസ്കാരങ്ങളെക്കുറിച്ചുള്ള പഠന അവസരങ്ങൾ ഇത്തരം പരിപാടികൾ നൽകണം. ആതിഥേയ സർവകലാശാലയും വിദേശ വിദ്യാർഥികളും തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കുക, അന്താരാഷ്ട്ര പ്രമേയങ്ങളിലുള്ള പരിപാടികളും ഉത്സവങ്ങളും സംഘടിപ്പിക്കുക, വെർച്വൽ അന്താരാഷ്ട്ര അനുഭവങ്ങളും ഇന്റേൺഷിപ്പുകളും ലഭ്യമാക്കുക, ക്രെഡിറ്റ് ഇല്ലാത്ത ഭാഷാപഠന കോഴ്സുകൾ തുടങ്ങുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര പങ്കാളിത്തം:
ഇന്ത്യൻ സർവകലാശാലകൾ ആഗോള സർവകലാശാലകളുമായും സംഘടനകളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കണം. ഓരോ സർവകലാശാലയിലെയും അന്താരാഷ്ട്ര ഓഫീസ് വഴി ടൈനിംഗ്, ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി തുടങ്ങിയ ട്രാൻസ് നാഷണൽ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്ക് ശ്രമിക്കണം. കൂടാതെ, ഐസിസിആർ വഴിയുള്ള സർക്കാർ സ്പോൺസേർഡ് വിദ്യാർഥികളെയും സ്വയം സാമ്പത്തിക സഹായം കണ്ടെത്തുന്ന വിദേശ വിദ്യാർഥികളെയും ആകർഷിക്കണം. ഓരോ സർവകലാശാലയിലും ‘ഇറാസ്മസ് സെന്റർ’ സ്ഥാപിച്ച്, വിനിമയ പരിപാടികൾക്കും അത്യാധുനിക ഗവേഷണങ്ങൾക്കുമായി യൂറോപ്യൻ ഫണ്ടിംഗ് ലഭ്യമാക്കാൻ ശ്രമിക്കണം.
അക്കാദമികവ്യവസായ സംയോജനം
സ്റ്റാർട്ടപ്പുകൾ അടിസ്ഥാനമാക്കിയുള്ള നവീനമായ ഒരു ആവാസവ്യവസ്ഥയും സർവകലാശാലകളോട് ചേർന്ന് സയൻസ് പാർക്കുകളും മെഡിക്കൽ പാർക്കുകളും സ്ഥാപിക്കുന്നതിലൂടെ അക്കാദമികവ്യവസായ ബന്ധം ആഴത്തിലുള്ളതാക്കാം. ഇത് അക്കാദമിക് ഗവേഷണവ്യവസായ മേഖലകൾ ഒത്തുചേരുന്ന ശക്തവും ചലനാത്മകവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. അക്കാദമിക - വ്യവസായ- ഗവൺമെന്റ് ചേർന്നുള്ള ‘ട്രിപ്പിൾ ഹെലിക്സ് മാതൃക’ ഇതിന് വലിയ പിന്തുണ നൽകുന്നു. ഇത് കൂടുതൽ സ്റ്റാർട്ടപ്പുകൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുകയും വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുകയും ചെയ്യും.
(അവസാനിച്ചു)