ഫൈസലാബാദ്: രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാൻ ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ബാക്കിനിൽക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ക്വിന്റണ്‍ ഡി കോക്ക് (123) സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്ക പരന്പരയിൽ സമനില നേടി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ സെഞ്ച്വറിയാണ് ഡി കോക്ക് പാക്കിസ്ഥാനെതിരെ നേടിയത്.
ഡി കോക്കും ലുയാൻ-ഡ്രെ പ്രിട്ടോറിയസും ചേർന്ന് 81 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും ടോണി ഡി സോർസിയും ഡി കോക്കും ചേർന്ന് 153 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് അനായാസം നയിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ സല്മാന് അഗ (69), മുഹമ്മദ് നവാസ് (59), സെയിം അയൂബ് (53) എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ 269 നേടി. 22 റണ്‍സിനിടെ പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഫഖര്‍ സമാന് (6), ബാബര്‍ അസം (11), മുഹമ്മദ് റിസ്വാന് (4) എന്നിവരെ നാന്ദ്ര ബര്‍ഗറാണ് പുറത്താക്കിയത്. സെയിം അയൂബ് - അഗ സഖ്യം കൂട്ടിചേര്‍ത്ത 92 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. സ്കോർ: പാക്കിസ്ഥാൻ-269/9 (50), ദക്ഷിണാഫ്രിക്ക-270/2 (40.1).