പൂന്തുറ: തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡിഎഫ് ഭരണം കൈയാളുന്ന അമ്പലത്തറയില്‍ ശക്തമായ പോരാട്ടമാണ് മുന്നണികള്‍ കഴ്ചവയ്ക്കുന്നത്. വികസന നേട്ടം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫും വികസന മുരടിപ്പ് തുറന്നുകാട്ടി യുഡിഎഫും എന്‍ഡിഎയും പ്രചരണം കൊഴുപ്പിക്കുകയാണ്.
പൊതുപ്രവര്‍ത്തകയും ആര്‍എസ്പി സ്ഥാനാര്‍ഥിയുമായ ബി.ഷീജയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇവരുടെ ആദ്യമത്സരമാണിത്. റോഡുകളുടെ ശോചനീയാവസ്ഥ , തെരിവുനായ ശല്യം , റസിഡന്‍സ് അസോസിയേഷൻ പരിധിയിൽ കുമാരിചന്ത ഭാഗത്തെ വേസ്റ്റ് ബിന്‍ നിരത്തിയുളള മാലിന്യ നിക്ഷേപം തുടങ്ങിയ കാര്യങ്ങളാണ് മുഖ്യ പ്രചാരണ വിഷയങ്ങൾ.
സിപിഐ മഹിളാ സംഘം നേമം മണ്ഡലം കമ്മിറ്റി അംഗം , അക്ഷരശ്രീ കോ ഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഗീതാകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്നാംമത്സരം. രണ്ടു തവണ കൗണ്‍സിലര്‍. വാര്‍ഡില്‍ നടപ്പിലാക്കിയ പുതിയ ഡ്രയിനേജ് സംവിധാനം , കല്ലടിമുഖത്തെ സ്റ്റേഡിയം , പാര്‍ക്ക് , വാര്‍ഡിലെ ഹെല്‍ത്ത് സെന്‍റെര്‍ എന്നിവ പ്രവര്‍ത്തന നേട്ടമായി ഉയർത്തിക്കാട്ടിയാണ് പ്രചരണം.
നിലവില്‍ ബിജെപി സിറ്റി ജില്ലാജനറല്‍ സെക്രട്ടറി , മൂന്നു തവണ ബിജെപി സംസ്ഥാന സമിതി അംഗം , മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവൃത്തി പരിചയമുളള സിമി ജോതിഷാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നാം മത്സരം. രണ്ടു തവണ കൗണ്‍സിലര്‍. വാര്‍ഡിലെ വെളളക്കെട്ട് , കുമരിചന്ത ഭാഗത്തെ മാലിന്യ നിക്ഷേപം എന്നിവ തന്നെയാണ് പ്രചരണ ആയുധമാക്കുന്നത്.