എരുമേലി: ശബരിമല തീർഥാടകരുമായെത്തിയ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിന് അടിയിലാണ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് പുതുക്കോട്ട സ്വദേശി പ്രശാന്ത് (28) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ എരുമേലി പോലീസ് സ്റ്റേഷന് സമീപം റോഡരികിലുള്ള ചെറിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
ആസ്ത്മ രോഗം വഷളായതിനെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിനെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ തീർഥാടകർ ഉടൻ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശാന്ത് ആസ്ത്മ രോഗിയാണെന്നും ഇൻഹെയിലർ ഉപയോഗിച്ചിരുന്നതായും കുടുംബം പോലീസിനോട് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് ഫോറൻസിക് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു