ന്യൂഡൽഹി: ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ഈ വർഷം ആദ്യമായി ‘അതീവ ഗുരുതരം' എന്ന നിലയിലേക്ക് മാറി. ചൊവ്വാഴ്ച വൈകുന്നേരം എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയത് 428 ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘വളരെ മോശം' വിഭാഗത്തിലായിരുന്ന വായു ഗുണനിലവാരം അന്തരീക്ഷത്തിലെ കാറ്റിന്റെ കുറവും പ്രാദേശികമായി വർധിച്ച മലിനീകരണവും കാരണം ചൊവ്വാഴ്ച അതിരാവിലെ ‘അതീവ ഗുരുതര' മേഖലയിലേക്കെത്തുകയായിരുന്നു.
ഈ വർഷം ആദ്യമായാണ് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ‘അതീവ ഗുരുതരമായ' പരിധിയിൽ എത്തുന്നത്. സിപിസിബി ഡാറ്റ അനുസരിച്ച് ഇതിനുമുമ്പ് 2024 ഡിസംബറിലാണ് നഗരത്തിലെ വായു ഗുണനിലവാരം ഇത്രയും മോശമായിരുന്നത്.
എയർ ക്വാളിറ്റി ഇൻഡക്സ് 0 നും 50 നും ഇടയിൽ ‘നല്ലത്', 51 - 100 ‘തൃപ്തികരം', 101 - 200 ‘മിതമായത്', 201-300 #മോശം', 301-400 ‘വളരെ മോശം', 401-500 ‘അതീവ ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 401 നും 500 നും ഇടയിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് ആരോഗ്യവാന്മാരെ പോലും ദോഷകരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങളുള്ളവരിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഇതോടെ ഡൽഹി-എൻസിആറിലെ വായു മലിനീകരണം പരിഹരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സ്ഥാപിച്ച നിയമപരമായ സ്ഥാപനമായ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അടിയന്തിര നടപടികൾ പ്രഖ്യാപിച്ചു. നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് മോഡിലേക്ക് ക്ലാസുകൾ മാറ്റുകയും ഇതിൽ ഉൾപ്പെടുന്നു.