കാലടി: അതിരപ്പിള്ളി വനം റേഞ്ചിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. വനംവകുപ്പിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും, ആനകളുടെ തുടർച്ചയായ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.
കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി കാട്ടാനകളാണ് പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിലെ എരുമത്തടത്ത് ഏകദേശം ഒരു വയസുള്ള കുട്ടിയാന ചരിഞ്ഞിരുന്നു. ഉയരം കൂടിയ സ്ഥലത്ത് നിന്നു വീണപ്പോഴുണ്ടായ പരിക്കാണ് കുട്ടിയാനയുടെ മരണത്തിന് കാരണമെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്.
അതിനും രണ്ടു ദിവസം മുൻപ് പ്ലാന്റേഷൻ കോർപറേഷൻ വെറ്റിലപ്പാറ ടിഎസ്ആർ ഫാക്ടറി പരിസരത്ത് വനാതിർത്തിയിൽ ഗർഭിണിയായ ആനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇണ ചേരാനെത്തിയ മോഴയാനയുടെ ആക്രമണമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സമീപ കാലങ്ങ ളിൽ മലയാറ്റൂർ, അതിരപ്പിള്ളി റേഞ്ചുകളിൽ ഒട്ടേറെ കാട്ടാനകൾ ചരിഞ്ഞതായി റിപ്പോർട്ടുണ്ട്. ചത്ത ആനകളിൽ കൂടുതലും പിടിയാനകളാണ്.
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ വെറ്റിലപ്പാറ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ നിന്നാണ് രക്ഷാപ്രവർത്തകർ പിടികൂടിയത്. കോടനാട് അഭയാരണ്യ ത്തിൽ എത്തിച്ച് ചികിത്സ നൽകിയ ആന പിന്നീട് ചരിഞ്ഞു. ആനയുടെ മുറിവിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്.
ആനകൾ ചരിയുന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങൾ വൈകിയാണ് അറിയുന്നതെന്ന ആക്ഷേപവും ശക്തമാണ്. വാഴച്ചാൽ, പരിയാരം റേഞ്ചുകളിൽ ആനകളുടെ അവശിഷ്ടങ്ങൾ മാസങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്. ജഡം അഴുകി എല്ലും തോലും മാത്രമാകുന്ന സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കഴിയില്ലെന്നത് അന്വേഷണം വഴിമുട്ടാൻ കാരണമാകുന്നു.
വനത്തിനുള്ളിലെ പട്രോളിംഗിലെ പോരായ്മയും, ചില ഉദ്യോഗസ്ഥർ വിവരങ്ങൾ പുറംലോകം അറിയാതെ മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. കാട്ടാനകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൃത്യസമയത്ത് പുറത്തുവിടുന്നില്ലെന്നും പരാതി ഉണ്ട്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ വനംവകുപ്പ് കൂടുതൽ ജാഗ്രത കാട്ടണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.