ടെക്സസ്: നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചും ഡാളസിൽ സേവനം ചെയ്യുന്ന നൈജീരിയൻ കത്തോലിക്ക വൈദികനായ ഫാ. ജോസഫ് ഷെക്കാരിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു.
"ഇത് എന്റെ ഹൃദയം നുറുക്കുന്നു' എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. ഭീഷണികൾക്കിടയിലും നൈജീരിയൻ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ആയുധങ്ങൾ കൊണ്ടല്ല പ്രാർഥനയിലൂടെയാണ് സഭ ഇതിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഫാ. ഷെക്കാരിയെ 2022 ഫെബ്രുവരിയിൽ സ്വന്തം ഇടവകയിൽ വച്ച് തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം നൽകിയ ശേഷമാണ് അന്ന് അദ്ദേഹത്തെ വിട്ടയച്ചത്.
ഫാ. ഷെക്കാരിയെ രക്ഷിക്കാൻ ശ്രമിച്ച ഒരു പള്ളി ജീവനക്കാരൻ അന്ന് വെടിയേറ്റ് മരിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം യുഎസിലേക്ക് എത്തിയത്.
ഫാ. ഷെക്കാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോഴും നൈജീരിയയിലാണ് താമസിക്കുന്നത്.