നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകണമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ സ്വതന്ത്രമായി നടപ്പാക്കുന്നതിന് വിഘാതമായി നിരവധി നിബന്ധനകളാണ് അടിച്ചേൽപ്പിക്കുന്നത്. പ്രാദേശിക ഭരണകൂടമെന്ന് വിശേഷിപ്പിക്കുകയും സ്വന്തമായി പദ്ധതികൾ നടപ്പാക്കാനുള്ള അവകാശം നിഷേധിക്കുകയുമാണ്.
പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ പ്രഥമ പരിഗണന നൽകണമെന്നും എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജസ്മൽ പുതിയറ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
സ്പോർട്സ് അക്കാഡമി, ഭിന്നശേഷി കുട്ടികൾക്കും ഓട്ടിസം ബാധിച്ച കുട്ടികൾക്കും പകൽവീട്, പാർക്ക് തുടങ്ങിയ പുതിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. വൈസ് പ്രസിഡന്റ് സീനത്ത് നൗഷാദ്, ബാബു തോപ്പിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ താജാ സക്കീർ, ഇഖ്ബാൽ മുണ്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ ബുഷ്റാബി, കവിത ജയപ്രകാശ്, ബിഡിഒ പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.