റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിനുശേഷം ഒരുദിവസത്തെ വിശ്രമം കഴിഞ്ഞ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്നലെ റാഞ്ചിയിലെത്തി ഇന്ത്യന്‍ ഏകദിന ടീമിനൊപ്പം ചേര്‍ന്നു.
വിരാട് കോഹ്ലി, രോഹിത് ശര്‍മ, തിലക് വര്‍മ തുടങ്ങിയവര്‍ നേരത്തേതന്നെ റാഞ്ചിയില്‍ എത്തുകയും 27ന് നെറ്റ് പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ടെസ്റ്റ് പരാജയപ്പെട്ടതിന്റെ സമ്മര്‍ദത്തിലാണ് ഗംഭീര്‍. മാത്രമല്ല, ഇതിനു മുമ്പ് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന എവേ ഏകദിന പരമ്പരയും ഇന്ത്യക്കു (2-1) നഷ്ടപ്പെട്ടിരുന്നു. അതിനിടെ ഗോഹട്ടി ടെസ്റ്റിലെ പരാജയത്തിനുശേഷം കോച്ചിംഗ് സ്ഥാനത്ത് തന്റെ ഭാവി ബിസിസിഐ തീരുമാനിക്കുമെന്നു തുറന്നടിച്ച ഗംഭീറിനോട് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
മാത്രമല്ല, കോല്‍ക്കത്ത പിച്ചിനെക്കുറിച്ച് ഗംഭീര്‍ നടത്തിയ പരാമര്‍ശത്തിലും ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. കാര്യങ്ങള്‍ വിഷമഘട്ടത്തിലാണെങ്കിലും 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് വരെ ഗംഭീര്‍ തുടരുമെന്നാണ് വിവരം.