പാരീസ് ഒളിന്പിക്സ്, ഖത്തർ വേൾഡ് കപ്പ്, ഏഷ്യാകപ്പ് ക്രിക്കറ്റ്... ലോകം ഉറ്റുനോക്കുന്ന മത്സരങ്ങൾക്ക് ഭക്ഷണമൊരുക്കിയത് മലയാളിയുടെ നേതൃത്വത്തിലാണെന്നു പറഞ്ഞാൽ ഒരുപക്ഷേ, അവശ്വസനീയമെന്നു തോന്നാം. കണ്ണൂർ കുടിയാൻമല അരങ്ങിലെ പുതുപ്പറമ്പിൽ ബെന്നി തോമസ് വിളന്പുന്നത് അന്താരാഷ്ട്ര കായികതാരങ്ങൾ രുചിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായികമേളകളിൽ കാറ്ററിംഗ് നടത്തുന്ന സ്പാഗോ ഇന്റർനാഷണൽ എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ബെന്നി. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട് ബെന്നിയുടെ കീഴിൽ. കുടിയാൻമലയിലെ കൃഷിത്തോട്ടത്തിൽനിന്ന് കായികരുചിക്കൂട്ടിലേക്ക് എത്തിയതിനെക്കുറിച്ച് ബെന്നി പറയുന്നു...
കൃഷിയിൽനിന്ന് അടുക്കളയിലേക്ക്
""നാടും വീടുംവിട്ട് പുറത്തുപോകണമെന്ന് ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. പഠിക്കാൻ അത്ര സമർഥനായിരുന്നില്ല. കൃഷികൊണ്ട് ജീവിക്കാനായിരുന്നു താത്പര്യം. അതിനാൽ, ചെറുപ്പംമുതൽ പറന്പിൽതന്നെയായിരുന്നു. കുടിയാൻമല സ്കൂളിലായിരുന്നു പഠിച്ചത്. പത്താം ക്ലാസ് കഴിഞ്ഞതോടെ റബർ ടാപ്പിംഗ് തുടങ്ങി. ആദ്യം ജ്യേഷ്ഠന്മാരുടെ കൂടെപ്പോയി കണ്ടുപഠിച്ചു. അവരെ സഹായിച്ചാൽ അഞ്ചു മരം ടാപ്പിംഗിനുകിട്ടും.
അതായിരുന്നു ഏറ്റവും സന്തോഷം. കൂടാതെ, നല്ല കട്ടൻ കാപ്പിയും ശർക്കര അടയും. പത്താം ക്ലാസ് കഴിഞ്ഞതേ പ്രീഡിഗ്രി പഠിക്കാൻ വീട്ടുകാർ പാലായിലേക്ക് നാടു കടത്തുകയായിരുന്നു- സെന്റ് ജോസഫ്സ് കോളജിലേക്ക്. എന്തായാലും പഠിക്കാൻ തീരുമാനിച്ചു. 96 ശതമാനം മാർക്കോടെ പ്രീഡിഗ്രി പാസായി. തുടർപഠനം പയ്യന്നൂർ കോളജിലായിരുന്നു.
ദിവസവും വീട്ടിൽ പോയിവരാം. വക്കീൽ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛനുമായി ഭയങ്കര ആത്മബന്ധമായിരുന്നു. ഒരു ദിവസം കോളജിൽപോയി തിരികെവരുന്പോൾ അച്ഛന്റെ മരണവാർത്തയാണ് അറിയുന്നത്. അതോടെ ജീവിതമാകെ വഴിമാറി. വീട്ടിൽ അമ്മയും പെങ്ങളും മാത്രം. വീടിനോടു വീണ്ടും കൂടുതൽ അടുത്തുതുടങ്ങുകയായിരുന്നു.
കുരുമുളകു മുതൽ ലോറി വരെ
കോളജ് പഠനം കഴിഞ്ഞപ്പോൾ കൃഷിപ്പണിയിലേക്ക് വീണ്ടും ഇറങ്ങി. മൂന്നേക്കർ സ്ഥലത്ത് റബർ വെട്ടി കുരുമുളക് കൃഷി ചെയ്തു. തുടക്കം നല്ലതായിരുന്നു. എന്നാൽ പരാജയമായി. പകരം കവുങ്ങ് നട്ടു. നാലുവർഷം കഴിഞ്ഞപ്പോൾ കവുങ്ങ് മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു.
പിന്നീട് തേനീച്ച വളർത്തൽ തുടങ്ങി. തേനെടുത്ത് കേരളത്തിനു പുറത്തുകൊണ്ടുപോയി വിറ്റു. മികച്ച വരുമാനം ലഭിച്ചു വരുന്നതിനിടെയാണ് പെട്ടെന്ന് തേനീച്ചകളെല്ലാം ചത്തുപോയത്. പിന്ന ഒരു ലോറി വാങ്ങി സ്വയം ഡ്രൈവറായി തടി കൊണ്ടു പോകുന്ന പണിതുടങ്ങി. അങ്ങനെ കോഴിവളം, പച്ചക്കറി എന്നിവയുമായി ലോറി തലങ്ങും വിലങ്ങും ഓടി.
പരീക്ഷയെഴുതാൻ ലോറിയിൽ
വകയിലുള്ള സഹോദരന്റെ വാക്കുകേട്ടാണ് കണ്ണൂരിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു ചേരുന്നത്. അപേക്ഷ കൊടുത്തതും അവൻതന്നെ. എറണാകുളത്ത് വച്ചായിരുന്നു എൻട്രൻസ്. അന്ന് ഒരു ലോഡ് മരം കൊണ്ടുപോയി പെരുന്പാവൂരിൽ കൊടുക്കണമായിരുന്നു. ലോറിയുമായിട്ടാണ് എൻട്രൻസ് പരീക്ഷ എഴുതാൻ പോയത്. പെരുന്പാവൂരിൽ മരം ഇറക്കി നേരേ എറണാകുളത്തുപോയി പരീക്ഷയെഴുതി.
ഫലം വന്നപ്പോൾ ഓൾ ഇന്ത്യാതലത്തിൽ ആറാം റാങ്ക്. കോഴ്സ് തീർന്നതോടെ വണ്ടിപ്പണി മതിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ലോറി അയൽവാസിക്കു കൊടുത്ത് ജോലിതേടി മുംബൈയിലേക്ക് യാത്രയായി. അവിടെ, ഹോട്ടലുകളിൽ ജോലിചെയ്യുന്നതിനിടെയാണ് ദുബായിൽപോയാൽ നല്ല ജോലി കിട്ടുമെന്ന് സുഹൃത്തുക്കൾ പറയുന്നത്.
ദുബായിൽ ക്ലീനറായി തുടക്കം
വിസിറ്റിംഗ് വിസയുമായി 1995ൽ ദുബായിൽ എത്തി. അവിടെ വിമാനം ഇറങ്ങിയപ്പോൾ എവിടെ ജോലികിട്ടും, എവിടെ താമസിക്കും എന്നൊന്നും അറിയില്ല. പൊതുസ്ഥലങ്ങളിൽ ഇരുന്ന് ഉറങ്ങും. പൊതുശുചിമുറികൾ ഉപയോഗിക്കും. പകൽ ജോലിതേടി അലയും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിൽ ക്ലീനറായി ജോലികിട്ടി. തുച്ഛമായ ശന്പളം. താമസവും ഭക്ഷണവും സൗജന്യമാണെന്ന ആശ്വാസം. രാത്രിയിൽ മാത്രമാണ് ജോലി.
നേരം വെളുത്ത് ഒന്പതുമണിയാകുന്പോൾ ജോലികഴിയും. പകൽ മുഴുവൻ വെറുതെയിരിക്കണം. രണ്ടുമണിക്കൂർ മുറിയിൽക്കിടന്നുറങ്ങും. പിന്നെ ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ജോലി തപ്പി ഇറങ്ങും. അങ്ങനെയിരിക്ക ഒരു ബാറിൽ മദ്യം ഒഴിച്ചുകൊടുക്കുന്ന ജോലികിട്ടി.
ഇതിനിടെ ജോലിചെയ്യുന്ന സ്ഥലത്ത് ഒരു വലിയ ആഘോഷപാർട്ടി നടന്നു. എന്റെ ജോലിയുടെ ശൈലികണ്ട് അവിടെ വന്നൊരാൾ ഒരു വലിയ റസ്റ്റോറന്റ് തുടങ്ങുന്നുണ്ടെന്നും, താത്പര്യം ഉണ്ടെങ്കിൽ പിറ്റേന്നുവന്ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്നും പറഞ്ഞു. ഹോളിവുഡിലെ നടൻമാരുടെ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന പ്ലാനറ്റ് ഹോളിവുഡ് ഹോട്ടലായിരുന്നു അത്. ഞാൻ ഉൾപ്പെടെ 163 പേരെ ജോലിക്കായി എടുത്തു. ഇതിൽ 162 പേരും ഇംഗ്ലീഷുകാരായിരുന്നു.
ബാർ ഹെൽപർ ആയിട്ടാണ് ജോലി ലഭിച്ചത്. എന്റെ ജോലി കഴിഞ്ഞ് കൂടെയുള്ളവരുടെ ജോലിയും ഏറ്റെടുത്തുചെയ്യും. അവരുടെ കൂലിയുടെ 10 ശതമാനം എനിക്കുകിട്ടും. എന്തു പണിയും ചെയ്യാനുള്ള മനസാന്നിധ്യം ഉണ്ടായിരുന്നു. അതിനാൽ വളരെ പെട്ടെന്നുതന്നെ പ്രമോഷൻ ലഭിച്ചു. പ്രത്യേക പരിശീലനത്തിനായി കന്പനി പോർച്ചുഗലിലേക്ക് അയയ്ക്കുകയും ചെയ്തു. തിരിച്ചുവന്നത് ട്രെയിനറായാണ്.
ഇതിനിടയിൽ ഹോളണ്ടുകാരനുമായി ചേർന്ന് സ്വന്തമായി തുടങ്ങിയ ഹോട്ടൽ ബിസിനസ് പരാജയമായി. മറ്റൊരു ഹോട്ടലും ഏറ്റെടുത്ത് നടത്തിയെങ്കിലും സാന്പത്തികമായി വലിയ നഷ്ടംവന്നു. എടുത്ത ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്ത നിലയിലായി. ഫീസ് അടക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോകാതെയായി. വാടക കൊടുക്കാൻ പറ്റാത്തതിനാൽ വീട്ടുടമസ്ഥനെ പേടിച്ച് പലപ്പോഴും രാത്രിയിലാണ് വന്നുകൊണ്ടിരുന്നത്.
എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതി. വീട്ടിലെ സാധനങ്ങൾ തീർന്നു. കടയുള്ള അയൽവാസി വീട്ടുസാധനങ്ങൾ കടമായി നല്കി. കുട്ടികളെ സ്കൂളിൽ കാണാതെവന്നപ്പോൾ സ്കൂളുകാർ വീട്ടിലെത്തി. ഫീസടക്കാൻ പണമില്ലെന്നു പറഞ്ഞപ്പോൾ അധികൃതർ ശകാരിച്ചു. നാളെമുതൽ കുട്ടികളെ സ്കൂളിൽ വിടണമെന്ന് പറഞ്ഞു. വീട്ടിലെ ഭക്ഷണം മുട്ടയും ചോറും മാത്രമായി.
ദൈവത്തിന്റെ കോൾ
ഒറ്റ ജീവനക്കാരനുമായി വീണ്ടും ഒരു സംരംഭം തുടങ്ങി. സാൻഡ്വിച്ചുണ്ടാക്കി, ഞാൻതന്നെ ഓഫീസുകളിൽ കൊണ്ടുചെന്നു വിറ്റു. പിന്നാലെ 10-20 പേർക്കു ഭക്ഷണമുണ്ടാക്കാനുള്ള ഓർഡറൊക്കെ കിട്ടിത്തുടങ്ങി. ചെറിയ സ്ഥാപനങ്ങളിൽ തുടങ്ങി വലിയ സ്ഥാപനങ്ങളിലേക്ക് ബിസിനസ് പതിയെ വളർന്നു. കൂടെയുള്ള ജീവനക്കാരുടെ എണ്ണം കൂടി. സാൻഡ്വിച്ചിനു പിന്നാലെ നൂഡിൽസ്, പാസ്ത... വിഭവങ്ങളുടെ എണ്ണംകൂടി. അത്യാവശ്യം പേരും പ്രശസ്തിയുമായി.
2012ൽ അബുദാബി ഫോർമുല വണ്ണിന്റെ ഡയറക്ടറുടെ ഫോൺ കോൾ- ദുബായിൽ നടക്കുന്ന ഫോർമുല വണ്ണിനുള്ള ഭക്ഷണത്തിനുള്ള കാറ്ററിംഗ് ഏറ്റെടുക്കണമെന്ന്. എന്റെ അന്നത്തെ അവസ്ഥ അറിയാതെ വഴിതെറ്റിയെത്തിയ ഫോൺ കോളാണെങ്കിലും ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നു. തുകയുടെ 50 ശതമാനം മുൻകൂർ തരണമെന്ന് പറഞ്ഞു. അവർ തുക തരികയും ചെയ്തു. പരസ്യം കൊടുത്തു, ജീവനക്കാർ വന്നു. 16 ജീവനക്കാരുള്ള എന്റെ സ്ഥാപനത്തിന് ഈയൊരു കാറ്ററിംഗ് നടത്താൻ മിനിമം 1500 ജോലിക്കാരെങ്കിലും വേണം. കാറ്ററിംഗ് കന്പനി അതോടെ പുതിയ ഉയരങ്ങളിലേക്കു പറക്കുകയായിരുന്നു.
ഫോർമുല വൺ വിജയകരമായി. ദുബായ് ഗവൺമെന്റിന്റെ പല പരിപാടികൾ ലഭിച്ചുതുടങ്ങി. വരുമാനം കിട്ടിയതോടെ കടങ്ങളെല്ലാം വീട്ടി. നാട്ടിൽ പോയി അമ്മയെ കണ്ടു. ദുബായ് സർക്കാരിന്റെ വിശ്വസ്തനായി മാറി. അവിടെ ഗോൾഡൻ വിസ നേടിയ ആദ്യത്തെ 20 പേരിൽ ഒരാൾ ഞാനായിരുന്നു.''
റൊണാൾഡോ!
സുഹൃത്തുക്കൾ റൊണാൾഡോ എന്നാണ് ബെന്നിയെ വിളിക്കുന്നത്. മുൻ ബ്രസീലിയൻ ഫുട്ബോളർ റൊണാൾഡോയോടുള്ള രൂപസാദൃശ്യമായിരുന്നു ആ പേരിനു കാരണം. 2011ൽ ബെന്നി കാറ്ററിംഗ് സർവീസ് കമ്പനി ആരംഭിച്ചപ്പോൾ, അതിന് "റൊണാൾഡോസ് സ്പാഗോ കാറ്ററിംഗ് സർവീസസ്' എന്ന് പേരിടാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല.
യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലെ പ്രധാന കായിക പരിപാടികൾക്ക് കാറ്ററിംഗ് സേവനങ്ങൾ ഒരുക്കിത്തുടങ്ങിയതോടെ, റൊണാൾഡോസ് സ്പാഗോ മിഡിൽ ഈസ്റ്റിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു പേരായി മാറി. നിലവിൽ, ലോകമെമ്പാടുമുള്ള പതിനൊന്ന് രാജ്യങ്ങളിൽ സ്പാഗോ പ്രവർത്തിക്കുന്നു. ബെന്നി അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നതും റൊണാൾഡോ എന്ന പേരിലാണ്.
പല രുചി, പല മെനു
""കായികതാരങ്ങൾക്കും ഒഫീഷ്യൽസിനുമുള്ള മെനു തയാറാക്കി നല്കുന്നത് നമ്മൾ തന്നെയാണ്. ക്രിക്കറ്റ് താരങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണമല്ല ഫുട്ബോൾ താരങ്ങൾക്ക്്. ഫോർമുല വണ്ണിനും ഭക്ഷണം വ്യത്യാസം ഉണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആ രാജ്യത്തിന്റേതായ രീതിയിൽ ഭക്ഷണം കൊടുക്കണം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ നല്കുന്ന ഭക്ഷണം അല്ല യൂറോപ്യൻ രാജ്യങ്ങൾ കൂടുതലായും പങ്കെടുക്കുന്ന ഫുട്ബോളിൽ നല്കുന്നത്. ഭക്ഷണ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര തയാറാക്കണം. ഇതിനായി മാസങ്ങൾ നീളുന്ന തയാറെടുപ്പുകൾ ആവശ്യമാണ്.
ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ താരങ്ങൾക്ക് ചോറും പരിപ്പു കറിയും നിർബന്ധമാണ്. ഗ്രൗണ്ടിലിറങ്ങുന്ന താരങ്ങൾ വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിക്കുക. ഭൂരിഭാഗവും വെജിറ്റേറിയൻ ഭക്ഷണം. യൂറോപ്യൻ താരങ്ങൾക്ക് സാധാരണയായി ചെറിയ സ്നാക്സും ജ്യൂസുമാണ് പ്രിയം.
ക്രിക്കറ്റിലെ താരങ്ങൾ വളരെ ആസ്വദിച്ചാണ് ഇരുന്നു ഭക്ഷണം കഴിക്കുന്നത്. അവർക്ക് അതിനുള്ള സമയം ലഭിക്കുന്നുണ്ട്. എന്നാൽ, ഫുട്ബോൾ താരങ്ങൾ വലിയ സമർദ്ദത്തിലാവും. ഇടവേളകളിൽ കോച്ച് നിർദേശംനല്കുന്പോൾ നിന്നുകൊണ്ടുതന്നെ എന്തെങ്കിലും സ്നാക്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കഴിക്കും.
ഫുട്ബോൾ ടീമുകൾ മിക്കപ്പോഴും സ്വന്തം ഷെഫിനേയും കൂടെക്കൂട്ടും. അർജന്റീന ടീമിന് എപ്പോഴും വനിതകളാണ് ഷെഫുമാർ. അമ്മയെ പോലെയാണ് ഈ ഷെഫ് ഇവർക്ക്. അമ്മേയെന്നാണ് വിളിക്കുന്നതുപോലും. താരങ്ങളുമായി വരുന്നതിനുമുന്പേ ഓരോ രാജ്യത്തിന്റെ പരിശീലകരും അവരുടെ ഭക്ഷണ മെനു കന്പനിക്ക് നല്കും. ഇതുണ്ടാക്കാനുള്ള പാത്രങ്ങളുടെ ലിസ്റ്റും നല്കും. ഇതിനുള്ള സജ്ജീകരണങ്ങൾ അവർക്ക് ചെയ്തുകൊടുക്കണം.
ഒരു മത്സരം നടക്കുന്നതിന് മൂന്നുവർഷംമുന്പ് ഒരുക്കങ്ങൾ ആരംഭിക്കും. 2034ൽ സൗദിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇപ്പോൾതന്നെ സ്പാഗോ തയാറെടുത്തു കഴിഞ്ഞു. സ്വന്തമായി കിച്ചൺ ഉള്ള രാജ്യത്ത് തയാറെടുപ്പുകൾ കുറച്ചു വൈകിയാലും കുഴപ്പമില്ല. എന്നിരുന്നാലും മിനിമം രണ്ടുവർഷമെങ്കിലും കിട്ടിയാൽ മാത്രമേ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിക്കൂ.
ഒരു വേദിയിൽ ഫുട്ബോൾ മത്സരം നടക്കുന്പോൾ നാലോ അഞ്ചോ വിഭാഗത്തിന് ഭക്ഷണം പല രീതിയിൽ വിതരണം ചെയ്യേണ്ടി വരും. എല്ലാവർക്കും പലരീതിയിലുള്ള മെനുവാണ് തയാറാക്കേണ്ടത്. പാരീസ് ഒളിന്പിക്സിന് മൂന്നരവർഷം മുന്പ് തയാറെടുപ്പ് തുടങ്ങി.
ഒരു സ്റ്റേഡിയത്തിൽ ക്രമീകരണം നടത്താൻ 4000 സ്റ്റാഫുകളെ ആവശ്യമുണ്ട്. ഒരു കിച്ചൺ സെറ്റ് ചെയ്യണമെങ്കിലും ശരാശരി 150 കോടി രൂപ വേണം. സ്പാഗോയുടെ സാന്നിധ്യമുള്ള ഒരു രാജ്യത്ത് മിനിമം രണ്ട് കിച്ചൺ വീതം ഉണ്ട്. സൗദിയെപ്പോലെ വലിയ രാജ്യങ്ങളിൽ മൂന്നു കിച്ചൺ ഉണ്ടാവും. അതീവ സുരക്ഷയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.''
സെന്റ് ആന്റണീസ് കോളജ്
ഇടുക്കി പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ചെയർമാൻ കൂടിയാണ് ബെന്നി. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നവർക്ക് എല്ലാം വർഷവും മൂന്നുമാസം വിദേശത്താണ് പരിശീലനം. സ്റ്റൈപ്പൻഡായി 35,000 രൂപ ലഭിക്കും. ഈ കോഴ്സ് പഠിക്കുന്പോൾ കോളജിന് നല്കണ്ട ഫീസും പഠനകാര്യങ്ങൾക്ക് ചിലവഴിക്കേണ്ട തുകയും വിദ്യാർഥികൾക്ക് സ്വയം കണ്ടെത്താൻ സാധിക്കും. എംജി സർവകലാശാലയുടെ കീഴിലാണ് കോളജ്. സൈബർ ഫോറൻസിക്, ഹോട്ടൽ മാനേജ്മെന്റ്, ബിസിഎ, എംസിഎ, ഫാഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകളാണ് കോളജിൽ ഉള്ളത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 400 കുട്ടികളെ വിവിധ കോഴ്സുകളായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് വിദ്യാർഥികളെ വിദേശരാജ്യങ്ങളിൽവിട്ട് പരിശീലനം നല്കുന്ന ഏക സ്ഥാപനമാണിത്. സ്പാഗോയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കിച്ചണുകളിലാണ് പരിശീലനം. ഇവിടെ, പരിശീലനം ലഭിക്കുക എന്നത് വിദ്യാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ്.
കുടുംബം
പരേതരായ പുതുപറമ്പിൽ തോമസിന്റെയും വടക്കേപുത്തൻപുര ത്രേസ്യാമ്മയുടെയും മകനാണ് ബെന്നി. റോഷൻ ബെന്നിയാണ് ഭാര്യ. ഏയ്ഞ്ചൽ ട്രീസ ബെന്നി, അനീറ്റ ട്രീസ ബെന്നി എന്നിവരാണ് മക്കൾ.