കീവ്: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മൂന്നാം റൗണ്ട് ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ജനീവയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, റഷ്യ, യുഎസ് പ്രതിനിധികൾ പങ്കെടുക്കും.
യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളെ സംബന്ധിച്ചാകും പ്രധാനമായും സംസാരിക്കുക. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ക്രിയാത്മകമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നും യുക്രെയ്ൻ പ്രതിനിധി സംഘത്തിന്റെ തലവൻ റുസ്തം ഉമറോവ് ടെലിഗ്രാമിൽ കുറിച്ചു.
പുടിന്റെ സഹായി വ്ലാഡിമിർ മെഡിൻസ്കിയാണ് റഷ്യൻ സംഘത്തെ നയിക്കുന്നത്. യുഎഇയിൽ നടന്ന കഴിഞ്ഞ രണ്ട് റൗണ്ട് ചർച്ചകളും തടവുകാരെ കൈമാറുന്ന വിഷയം ചർച്ച ചെയ്തത് അല്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിരുന്നില്ല.
അതേസമയം കീവിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിവയ്ക്കാൻ സെലൻസ്കി നിർദേശം നൽകി.