Kerala
തൃശൂർ: ഗുരുവായൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ മമ്മിയൂരിലാണ് അപകടമുണ്ടായത്.
കർണാടകയിൽ നിന്ന് ശബരിമലയിലേയ്ക്കു പോയ തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്.
ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ടിവിഎസിന്റെ ഏറ്റവും പുതിയ മോഡൽ ബൈക്കായ അപ്പാച്ചെ ആർടി എക്സ് സമർപ്പിച്ചു. ടിവിഎസ് കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനാണ് ഭഗവാന് പ്രിയപ്പെട്ട വഴിപാടായി ഈ അത്യാധുനിക വാഹനം നേരിട്ടെത്തി സമർപ്പിച്ചത്.
കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന പ്രത്യേക വാഹനപൂജയ്ക്ക് ശേഷമാണ് ഔദ്യോഗികമായ കൈമാറ്റ ചടങ്ങുകൾ നടന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാഹനത്തിന്റെ രേഖകളും താക്കോലും സിഇഒയിൽ നിന്നും ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതിയിലെ പ്രമുഖ അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ എന്നിവരും അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
ടിവിഎസ് കമ്പനിയുടെ പ്രതിനിധികളായ ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ഡീലർമാരായ ഫെബി എ. ജോൺ, ചാക്കോ എ. ജോൺ, ജോൺ ഫെബി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2025 ഒക്ടോബറിൽ വിപണിയിൽ എത്തിയ ടിവിഎസ് അപ്പാച്ചെ ആർടി എക്സ് 300 അഡ്വഞ്ചർ, മോട്ടോർ സൈക്കിൾ പ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ച ഈ ബൈക്ക്, നവംബർ അവസാനത്തോടെയാണ് രാജ്യത്തുടനീളം വിതരണം ആരംഭിച്ചത്.
റാലി-റെയ്ഡ് സാങ്കേതികവിദ്യയുടെ കരുത്തുമായി എത്തുന്ന ഈ വാഹനം ഇന്ത്യയിലെ അഡ്വഞ്ചർ ടൂറിംഗ് വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ദീർഘദൂര യാത്രകൾക്കും കഠിനമായ പാതകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ മോഡലിന് നിലവിൽ വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
Kerala
തൃശൂർ: മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ ലഭിക്കണമെന്ന ആവശ്യമുയർത്തി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ടാജറ്റിന്റെ പ്രതികരണം.
മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. കോൺഗ്രസ് സ്ഥാനാർഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ജോസഫ് ടാജറ്റ്, ഇതിൽ മുസ്ലിം ലീഗിനെ പിണക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.
Kerala
ഗുരുവായൂര്‍: ഏകാദശി പുണ്യം നേടാന്‍ വ്രത ശുദ്ധിയോടെ പതിനായിരങ്ങള്‍ ഗുരുവായൂരപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തുന്നു. ഉപവസിച്ചും നാരായണ നാമം ചൊല്ലിയും ഗുരുവായൂരപ്പനെ ഭജിച്ച് പതിനായിരങ്ങള്‍ ദര്‍ശന പുണ്യം നേടി. പീലിത്തിരുമുടി ചര്‍ത്തി പൊന്നോടക്കുഴലുമായി തൂമന്ദഹാസത്തോടെ ആശ്രിതവത്സലനായ ഭഗവാന് ഗുരുവായൂരപ്പന് ഭക്തര്‍ക്ക് ദർശനപുണ്യമായി.
ഇന്ന് ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ക്ഷേത്രത്തില്‍ രാവിലെ നടന്ന ശീവേലിക്ക് കൊമ്പന് ഇന്ദ്രസെൻ തിടമ്പേറ്റി. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുനടന്ന എഴുന്നള്ളിപ്പിന് കൊമ്പന് ശ്രീധരൻ കോലമേറ്റി.
പല്ലശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് നാദസ്വരമുണ്ടായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റും. ദര്‍ശനത്തിനും പ്രസാദ ഊട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെ വിഐപി ദര്‍ശനം അനുവദിച്ചില്ല. ഇത് സാധാരണ ഭക്തര്‍ക്ക് ഏറെ ഉപകാരമായി.
ഏകാദശി വ്രതം എടുക്കുന്നവര്‍ക്കായി അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒന്‍പതിന് ആരംഭിച്ചു.ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്.
പ്രസാദഊട്ടിനും വന്‍ ഭക്തജനത്തിരക്കാണുണ്ടായത്. 50,000ത്തോളം പേര് പ്രസാദഊട്ടില്‍ പങ്കെടുത്തു. ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് രാത്രി 10ന് സമാപനമാകും. ദശമി ദിവസം പുലര്‍ച്ചെ തുറന്ന ക്ഷേത്രനട നാളെ രവിലെ എട്ടിന് അടക്കും. വൈകിട്ട് നാലിനാണ് പിന്നീട് തുറക്കുക. ക്ഷേത്രത്തിലും പരിസരത്തും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് പുറമെ എന്‍സിസി, സ്കൗട്ട് എന്നിവരും സേവനത്തിനുണ്ട്.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
Kerala
തൃശൂര്‍: ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ആള് അറസ്റ്റിൽ. തൃശൂര്‍ ചൊവല്ലൂർ കിഴക്കേകുളം സ്വദേശി അബ്ദുൽ വഹാബ് ആണ് അറസ്റ്റിലായത്.
ഇയാൾ സ്ഥിരമായി രാത്രി ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗീകാധിക്രമം നടത്തുകയായിരുന്നു.
റോഡിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെയും സ്ത്രീകളെയുമാണ് ഇയാൾ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രദേശത്തെ അന്‍പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി സ്ഥിരമായി ഇത്തരത്തിൽ സ്ത്രീകളെ ഉപദ്രവിക്കാൻ എത്തുന്ന സ്ഥലത്ത് പോലീസ് രഹസ്യമായി കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നാണ് പ്രഗിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു മുസ്തഫയുടെ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രഗിലേഷ്, ദിവേക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പ്രഗിലേഷിന്റെ വീട് അടഞ്ഞു കിടന്നിരുന്നതിനാല്‍ കോടതിയുടെ അനുമതി വാങ്ങി പൂട്ട് തകർത്താണ് റെയ്ഡ് നടത്തിയത്. പ്രഗിലേഷും ദിവേകും മുസ്തഫയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.
ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കത്തിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്.
കേസെടുത്തതോടെ പ്രഗിലേഷും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത ശേഷം ഇവർ കാറിൽ കയറിപ്പോയതായാണ് അറിയാൻ സാധിച്ചത്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് മുംബൈയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ ടെമ്പിൾ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മുംബൈയിലെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പോലീസ് ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്.