ഗോഹട്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി അവസാനവട്ട ഒരുക്കം നടത്തുന്ന ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഹതാരം ഇഷാന് കിഷനെ മുക്തകണ്ഡം പ്രശംസിച്ചു.
റായ്പുരില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറായി ക്രീസിലെത്തിയ ഇഷാന് 32 പന്തില്‍ നാല് സിക്സും 11 ഫോറും അടക്കം 76 റണ്‍സ് നേടിയിരുന്നു. 237.50 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിംഗ്. പ്ലെയര്‍ ഓഫ് ദ മാച്ച് ആയതും ഇഷാന്തന്നെ.
ഇഷാന്റെ പവര്‍പ്ലേ
209 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. തുടര്‍ന്നായിരുന്നു ഇഷാന്റെ വെടിക്കെട്ട്. ടീം ഇന്ത്യ, ബാറ്റര്‍മാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങളാണെന്ന് മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
31-5; പരമ്പര നേടാന്‍
2024 ട്വന്റി-20 ലോകകപ്പിനുശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 31-5 എന്നതാണ്. ലോകത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാക്കാ ജയ-പരാജയ കണക്ക്. സ്വന്തം മണ്ണില്‍ ട്വന്റി-20 കിരീടം മോഹിക്കുന്ന ഇന്ത്യക്ക്, ലോകകപ്പിനു മുമ്പായുള്ള അവസാന മത്സരങ്ങളാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേത്. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍ നടക്കും.